പുലിയെ കണ്ടെത്താൻ തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി
1538172
Monday, March 31, 2025 1:16 AM IST
ചാലക്കുടി: പുലിയെത്തേടി വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും ഇനിയും പുലിയെ കണ്ടെത്താനായില്ല. പോലീസ് സ് പെഷൽ ഓപ്പറേഷൻ ടീമിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം രാത്രി 11 മുതൽ വെളുപ്പിന് 3.15 വരെ കാടുകുറ്റി കോട്ടമുറി ഭാഗത്തും തുടർന്ന് ചാലക്കുടി കോട്ടാറ്റ് പാടം - തോട്ട വീഥി - മൂഴിക്കകടവ് ഭാഗങ്ങളിളും തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
കൊരട്ടിയിലും തുടർന്ന് ചാലക്കുടി കണ്ണംമ്പുഴ റോഡിലും സിസിടി വി ദൃശ്യങ്ങളിൽ പുലിയെ കണ്ടിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ സിസിടിവി ദൃശ്യം കണ്ട വീടിന്റെ പരിസരത്തും കണ്ണമ്പുഴ അമ്പലത്തിനു സമീപവും പുലിയുടെ കാൽപാദത്തിന്റെ അടയാളങ്ങൾ കണ്ടിരുന്നു. ഇതിനുശേഷം പല സ്ഥലങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചെങ്കിലും പരിശോധനയിൽ പുലി എത്തിയതിന്റെ ലക്ഷണങ്ങൾ കണ്ടില്ല. നിരീക്ഷണ കാമറകൾ പരിശോധ നടത്തിയെങ്കിലും എവിടെയും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല. അന്വേഷണസംഘം ഊർജിതമായ അന്വേഷണം നടത്തിവരികയാണ്.
ഒരു കൂടുകൂടി സ്ഥാപിച്ചു
ചാലക്കുടി: കണ്ണമ്പുഴ അമ്പലത്തിന് അടുത്ത് സ്വകാര്യ ഭൂമിയിൽ പുലിയുടെ കാൽപ്പാട് കണ്ടെത്തിയതിനെത്തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി പുലിയുടെ കാൽപ്പാട് തന്നെയാണെന്നു സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പ്രദേശത്ത് വനംവകുപ്പ് പുലിയെ പിടികൂടുന്നതിനായി രണ്ടാമതൊരു കൂട് കൂടി സ്ഥാപിച്ചിട്ടുണ്ട്. പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തിയ പ്രദേശങ്ങളിൽ വനംവകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
ഫോറസ്റ്റ് വെറ്റിനറി ഡോക്ടർമാരുടെ സംഘം പരിശോധന നടത്തി. പ്രദേശങ്ങളിൽ വനം വകുപ്പിന്റെ റാപ്പിഡ് റസ്പോൺസ്ഡ് ടീമും സ്പെഷൽ പെട്രോളിംഗ് ടീമും പരിശോധനകൾ നടത്തി വരികയാണ്.