കൃഷിഭൂമി ഉഴുതുനശിപ്പിച്ചു; പോലീസ് നടപടിയെടുത്തില്ലെന്ന് യുവാവ്
1537493
Saturday, March 29, 2025 1:22 AM IST
തൃശൂർ: കൃഷിഭൂമിയിൽ അതിക്രമിച്ചുകയറി നെൽകൃഷി ഉഴുതുനശിപ്പിച്ചതായുള്ള പട്ടികജാതിവിഭാഗത്തിൽപെട്ട യുവാവിന്റെ പരാതിയിൽ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.
വൈലത്തൂർ സ്വദേശി എം.എ. പ്രമോദാണു പരാതിക്കാരൻ. ഇയാളുടെ അച്ഛൻ പരേതനായ അപ്പുണ്ണി 1989ൽ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനിൽനിന്നു വായ്പാസഹായത്തോടെ 60 സെന്റ് നെൽപ്പാടം തീറുവാങ്ങിയിരുന്നു. ഈ നെൽപ്പാടം ആൽബർട്ട് തലക്കോട്ടൂർ ഞമനേങ്ങാട് എന്നയാൾ വടക്കേക്കാട് പോലീസിന്റെ മൗനാനുവാദത്തോടെ ട്രാക്ടർ ഉപയോഗിച്ച് ഉഴുതുനശിപ്പിച്ചെന്നാണു പരാതി. അതിർത്തിയിൽ സ്ഥാപിച്ചിരുന്ന 14 കോൺക്രീറ്റ് പോസ്റ്റുകളും ഇടിച്ചിട്ട് നിലത്തിന്റെ അതിർവരന്പുകളും സർവേക്കല്ലുകളും നശിപ്പിച്ചതായും 50,000 രൂപയിലധികം നഷ്ടമുണ്ടാക്കിയതായും പരാതിയിൽ പറയുന്നു.
ജനുവരി 13നു നല്കിയ പരാതിയിൽ പോലീസ് സ്റ്റേഷനിൽനിന്നു രശീതി ലഭിച്ചെങ്കിലും കേസെടുത്തിട്ടില്ല. ഇതുസംബന്ധിച്ചു സിറ്റി പോലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർകൂടിയായ എസ്സി, എസ്ടി മോണിറ്ററിംഗ് കമ്മിറ്റി ചെയർമാനും പരാതി നൽകി. ഇവരുടെ നിർദേശമുണ്ടായിട്ടും ഗുരുവായൂർ എസിപി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചില്ലെന്നും ഇവർ പറയുന്നു.
പത്രസമ്മേളനത്തിൽ പരാതിക്കാരനായ എം.എ. പ്രമോദ്, അഡ്വ. പി.എ. ചന്ദ്രൻ, അഡ്വ. അജീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.