കാടുകുറ്റിയിൽ കണ്ടത് പൂച്ചപ്പുലി?
1538057
Sunday, March 30, 2025 7:27 AM IST
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ കുറുവക്കടവിൽ വെള്ളിയാഴ്ച രാത്രി പത്തരയോടെ കണ്ടത് പൂച്ചപ്പുലിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്.
കണക്കാപ്പറമ്പിൽ നന്ദിനിയുടെ വീട്ടുമുറ്റത്തു കെട്ടിയിരുന്ന വളർത്തുനായയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നായയുടെ മുഖത്തിനും കഴുത്തിനും മുറിവേറ്റു. നായയുടെ ശബ്ദംകേട്ട് ജനലിലൂടെ നോക്കിയപ്പോഴാണ് പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത്. മകൻ അനീഷിനെ വിളിച്ച് ലൈറ്റിട്ട് നോക്കിയപ്പോൾ ഇരുവരും അജ്ഞാതജീവി ഓടിപ്പോകുന്നത് കണ്ടുവെന്നാണ് പറയുന്നത്. ഇതേസമയം ഇവിടെ കുറുക്കനെ കണ്ടതായും വീട്ടുകാർ സ്ഥിരീകരിച്ചു.
വാർഡ് മെമ്പർ ഡെയ്സി ഫ്രാൻസിസ്, സനീഷ്കുമാർ ജോസഫ് എംഎൽഎയെ വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹം രാത്രിതന്നെ സ്ഥലത്തെത്തി തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘവും സ്ഥലത്തെത്തി പുഴയോരങ്ങളിലും മറ്റും അന്വേഷണംനടത്തി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൂച്ചപ്പുലി ആകാനാണ് സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. എങ്കിലും ഇന്നുമുതൽ കൂടുതൽ ഫോഴ്സിനെ പരിശോധനയ്ക്കായി ചുമതലപ്പെടുത്തും. കൊരട്ടിക്കും ചാലക്കുടിക്കുംശേഷം കാടുകുറ്റിയിലും പുലിയെ കണ്ടെന്ന വാർത്ത ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന നിലപാടിൽ തന്നെയാണ് അധികൃതർ.