മാലിന്യങ്ങളോട് "കടക്കൂ പുറത്ത് 'പറഞ്ഞ് ഗവ. മെഡിക്കൽ കോളജ് കാന്പസ്
1537489
Saturday, March 29, 2025 1:22 AM IST
മുളങ്കുന്നത്തുകാവ്: മാലിന്യങ്ങളോടു കടക്കൂ പുറത്ത് പറഞ്ഞ് ഗവ. മെഡിക്കൽ കോളജ് കാന്പസ്. ഇനിമുതൽ വകുപ്പുതല പരിപാടികളിൽ പ്ലാസ്റ്റിക് നിർമിത വസ്തുക്കൾ ഒഴിവാക്കും. ഡിപ്പാർട്ട്മെന്റുകളിൽ ഇതിനോടകംതന്നെ പ്ലാസ്റ്റിക്കിനുപകരം സ്റ്റീൽ, മണ്പാത്രങ്ങളും ഇടംപിടിച്ചു.
ഭക്ഷ്യവസ്തുക്കൾ നിക്ഷേപിക്കാൻ പൊതുമരാമത്തുവകുപ്പിന്റെ ശാസ്ത്രീയമായ സംവിധാനങ്ങളും അജൈവമാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രത്യേക ബിന്നുകൾ അടക്കം സ്ഥാപിച്ചാണ് കാന്പസിനെ മാലിന്യമുക്തമാക്കുന്നത്. ഇവയ്ക്കുപുറമെ ശേഖരിച്ച പ്ലാസ്റ്റിക് വേസ്റ്റുകൾ ഹരിതകർമസേനയ്ക്കു കൈമാറും. സാനിറ്ററി പാഡുകൾ സംസ്കരിക്കാൻ നാപ്കിൻ ഇൻസിനറേറ്ററുകളും സജ്ജമാണ്.
നിലവിൽ ജൈവമാലിന്യങ്ങൾ വളമാക്കിമാറ്റുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന കാന്പസിൽ ഇത്തരം വളങ്ങൾ വില്പനയും നടത്തുന്നുണ്ട്. 20 ലക്ഷം രൂപ ചെലവിൽ അഡീഷണൽ വളംനിർമാണ യൂണിറ്റും നിർമിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് കാന്പസിൽ ഇ വേസ്റ്റ് നിർമാർജനവും നടപ്പിലാക്കുന്നത്. ക്ലീൻ കേരള കന്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഇ വേസ്റ്റ് നിർമാർജനവും കാന്പസ് തല മാലിന്യമുക്തപ്രഖ്യപനവും നടത്തി. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ. എം. രാധിക, നവകേരളം നോഡൽ ഓഫീസർ പി.എസ്. ജയകുമാർ, ആശുപത്രി നോഡൽ ഓഫീസർ ഡോ. സി. രവീന്ദ്രൻ, ക്ലീൻ കേരള കന്പനി ജില്ലാ മാനേജർ ശംഭു ഭാസ്കർ തുടങ്ങിയവർ പങ്കെടുത്തു.
കാന്പസിന്റെ അനുബന്ധസ്ഥാപനങ്ങളായ ഡെന്റൽ കോളജും നഴ്സിംഗ് കോളജും നേരത്തേതന്നെ ഹരിതകേരളം മിഷൻവഴി ഹരിത സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്.