തൃപ്രയാർ ബസ് സ്റ്റാൻഡിന് എട്ടുകോടിയുടെ ഭരണാനുമതി: നിർമാണം ഉടൻ
1538159
Monday, March 31, 2025 1:15 AM IST
തൃപ്രയാർ: തൃപ്രയാർ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സിന് എട്ടുകോടിയുടെ ഭരണാനുമതി. രണ്ടുമാസത്തിനുള്ളിൽ നിർമാണം ആരംഭിക്കുമെന്ന് സി.സി. മുകുന്ദൻ എംഎൽഎ അറിയിച്ചു. 2020-21 ബജറ്റിൽ അഞ്ചുകോടി രൂപയും 2021-22 ബജറ്റിൽ മൂന്നു കോടി രൂപയുമാണ് വകയിരുത്തിയിരുന്നത്.
രണ്ടുനിലകളിലായി 45 ഷോപുകൾ, രണ്ടു കഫറ്റീരിയ, രണ്ട് ഹാളുകൾ തുടങ്ങിയവ എസ്റ്റിമേറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗവ. എൻജിനീയറിംഗ് കോളജ് ഡിസൈൻ തയാറാക്കി തദ്ദേശ സ്വയംഭരണ വകുപ്പിന് കൈമാറിയിരുന്നു.
സാങ്കേതിക അനുമതിയും ടെൻഡർ നടപടികളും വേഗത്തിൽ സ്വീകരിച്ച് നിർമാണ പ്രവർത്തനങ്ങൾ രണ്ടു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.