ശ്രീകുരുംബക്കാവിലേക്ക് തീർഥാടകരുടെ ഒഴുക്കുതുടങ്ങി
1538037
Sunday, March 30, 2025 7:08 AM IST
കൊടുങ്ങല്ലൂർ: ശ്രീകുരുംബക്കാവിലേക്ക് തീർഥാടകരുടെ ഒഴുക്കുതുടങ്ങി. ഇന്നലെ സന്ധ്യയോടെയാണു കൂട്ടംകൂട്ടമായി തീർത്ഥാടകർ കുരുംബക്കാവിലേക്ക് എത്തിത്തുടങ്ങിയത്. ഉത്രട്ടാതി നാളായ ഇന്നലെ സന്ധ്യയോടെ അരമണിയും കാൽച്ചിലമ്പുമണിഞ്ഞ നൂറുകണക്കിന് കോമരങ്ങൾ അനുയായികളോടൊപ്പം കുരുംബക്കാവിന്റെ നട ചവിട്ടി.
വടക്കനടയിലെ കോഴിക്കല്ലിനു മുമ്പിൽ ഉറഞ്ഞുതുള്ളിയ കോമരങ്ങൾ വാളുകൊണ്ട് സ്വയം നെറ്റിയിൽവെട്ടി നിണമൊഴുക്കി. ദേവീഭക്തരുടെ കാൽച്ചിലമ്പും അരമണിയും കൊടുങ്ങല്ലൂർ കാവിനെ ഭക്തലഹരിയിൽ ആറാടിക്കുകയാണ് രേവതിനാളായ ഇന്ന് സന്ധ്യയോടെ രേവതി വിളക്കു തെളിയും. രേവതി വിളക്ക് ദർശിച്ച് ഓരോ ദേശക്കാരും അവകാശത്തറകളിൽ തമ്പടിക്കും. നാളെ ഉച്ചകഴിഞ്ഞ് ആശ്വതി നാളിലെ കാവുതീണ്ടലിൽ പങ്കെടുത്തശേഷമേ ഇവർ സ്വദേശത്തേക്കു മടങ്ങൂ.
അന്നദാനയജ്ഞം ആരംഭിച്ചു
കൊടുങ്ങല്ലൂർ: ഭരണി അന്നദാനയജ്ഞ സമിതിയുടെയും കൊടുങ്ങല്ലൂർ ശ്രീകുരുമ്പ ഭഗവതി ക്ഷേത്ര ഉപദേശക സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഭരണി അന്നദാന മഹായജ്ഞം വലിയതന്പുരാൻ രാജരാജ കുഞ്ഞുണ്ണി രാജ ഭദ്രദീപം കൊളുത്തി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. അന്നദാന യജ്ഞ സമിതി ചെയർമാൻ പി. നാരായണൻകുട്ടി മേനോൻ അധ്യക്ഷത വഹിച്ചു.
കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. കെ.പി. അജയകുമാർ, ദേവസ്വം ബോർഡ് കമ്മീഷണർ എസ്.ആർ. ഉദയകുമാർ, സേവാഭാരതി ജില്ലാ അധ്യക്ഷൻ പി.എൻ. ഉണ്ണിരാജ, കൊടുങ്ങല്ലൂർ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി എ. വിജയൻ, ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്ത, അഡ്വ. എം. ത്രിമനടികൾ, ഡോ. പി. വിവേകാനന്ദൻ, കെ.എസ്. പത്മനാഭൻ, ഷീബ ശിവദാസൻ, ശ്രീപത്മ വിവേകാനന്ദൻ എന്നിവർ പ്രസംഗിച്ചു.
ശക്തമായ സുരക്ഷയൊരുക്കി റൂറൽ പോലീസ്
കൊടുങ്ങല്ലൂർ: ഭരണിയോടനുബന്ധിച്ച് ക്രമസമാധാന പാലനത്തിനായി 1200ഓളം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് കർശന സുരക്ഷയൊരുക്കാൻ തൃശൂർ റൂറൽ പോലീസ്. ഇതിനായി കൊടുങ്ങല്ലൂർ ക്ഷേത്രത്തെയും നഗരത്തെയും സോണുകളായി തിരിച്ച് ഒരോ സോണിനും ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് അവരുടെ മേൽനോട്ടത്തോടെ ശക്തവും പഴുതടച്ചതുമായ സുരക്ഷാ സംവിധാനമാണ് ഇത്തവണ തൃശൂർ റൂറൽ പോലീസ് മേധാവിയുടെ നിർദേശത്തിൽ ഒരുക്കിയിരിക്കുന്നത്.
മാല മോഷണം, പോക്കറ്റടി മറ്റു സാമൂഹ്യവിരുദ്ധ പ്രവൃത്തികൾ എന്നിവ തടയുന്നതിന് ക്ഷേത്രപരിസരമാകെ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സംവിധാനത്തിന് പുറമേ, 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനവും മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങൾ എന്നിവയും പോലീസ് ഒരുക്കിയിട്ടുണ്ട്.