കറുത്ത മുത്ത് എന്ന വിളി ഇഷ്ടപ്പെടുന്നു: ഐ.എം. വിജയൻ
1537487
Saturday, March 29, 2025 1:22 AM IST
തൃശൂർ: കറുത്ത മുത്ത് എന്ന വിളി താനിഷ്ടപ്പെടുന്നുവെന്നും അതുകൊണ്ടു തന്നെയാണ് ഫുട്ബോളിലെ ഒരേയൊരു രാജാവായ പെലെയുമായി തന്നെ താരതമ്യപ്പെടുത്തുന്നതെന്നും പദ്മശ്രീ ഐ.എം. വിജയൻ. വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓണ്‍ കറപ്ഷൻ തിരുത്തിന്റെ സമാപനസമ്മേളനത്തിൽ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് അന്തേവാസികളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വിജയന്റെ ബാല്യം ഉൾപ്പെടെ വിവരിക്കുന്ന, 25 വർഷങ്ങൾക്കുമുൻപുള്ള ഡോക്യുഫിക്ഷൻ കാലാ ഹരി ണ് (കറുത്ത മാൻ) 150 ഓളം വരുന്ന അന്തേവാസികൾക്ക് ഒപ്പം കാണാൻ വിജയനൊപ്പം സംവിധായകൻ ചെറിയാൻ ജോസഫും എത്തിയിരുന്നു. കറുപ്പ് എന്ന നിറംതന്നെ പ്രതിസന്ധിയിലാക്കിയിട്ടില്ലെന്നും തന്റെ വിജയങ്ങൾക്ക് അതു കൂടുതൽ കരുത്തുപകരുകയാണ് ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു.
വിജയന്റെ സഹകളിക്കാരനായിരുന്ന മാർട്ടിൻ മാത്യൂസ്, നന്ദകുമാർ, അഖിൽരാജ്, ബേസിൽ, സാജി സൈമണ്‍ എന്നിവർ സംസാരിച്ചു.
ജയിലിലെ ശില്പികൾ രണ്ടുദിവസംകൊണ്ടു മരത്തിൽ തീർത്ത ബൂട്ടും ചിരട്ടയിൽ തീർത്ത ഫുട്ബോളും അടങ്ങിയ മെമന്റോ സൂപ്രണ്ട് അനിൽകുമാർ വിജയനു സമ്മാനിച്ചു. ജയിലിലെ നവീകരിച്ച ബാസ്കറ്റ് ബോൾ കോർട്ടും വിജയൻ സന്ദർശിച്ചു.