പൂരം വെടിക്കെട്ട് പ്രതിസന്ധി; കേന്ദ്ര ഇടപെടൽ കാത്ത് ദേവസ്വങ്ങൾ
1537494
Saturday, March 29, 2025 1:22 AM IST
സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടിന്റെ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ ഇടപെടൽ വൈകുന്നതിൽ ദേവസ്വങ്ങൾക്ക് ആശങ്ക.
കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കണ്ട് ദേവസ്വം ഭാരവാഹികൾ പൂരം വെടിക്കെട്ടിന്റെ പ്രതിസന്ധി സംബന്ധിച്ച കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും കേന്ദ്രത്തിൽനിന്ന് തീരുമാനമൊന്നും വന്നിട്ടില്ല. തൃശൂർ എംപിയും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്ഗോപി മുൻകൈയെടുത്തു കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കാണാൻ അവസരമൊരുക്കിയത്.
വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന മാഗസിനും വെടിക്കെട്ടു നടക്കുന്ന ഫയർലൈനും തമ്മിൽ 200 മീറ്റർ അകലംവേണമെന്ന എക്സപ്ലോസീവ് ആക്ടിലെ ഭേദഗതി പൂരംവെടിക്കെട്ടിനു വലിയ തടസമാണെന്നാണ് ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ഇതു 45 മീറ്ററായിരുന്നു. 200 മീറ്റർ അകലം വേണമെന്ന നിയമം വെടിക്കെട്ടിന് അപ്രായോഗികമാണെന്നു ദേവസ്വങ്ങൾ പറയുന്നു.
ഇതു ഭേദഗതി ചെയ്യണമെന്നാണ് കേന്ദ്രമന്ത്രിയോടു ദേവസ്വങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. പൂരത്തിന് ഒരു മാസംമാത്രം അവശേഷിക്കെ കേന്ദ്ര ഇടപെടൽ അടിയന്തരമായി ഉണ്ടാകുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. അതുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കേണ്ടിവരുമെന്നും ദേവസ്വങ്ങൾ പറയുന്നു.
പ്ലാൻ ബി എന്ന നിലയിൽ പാറമേക്കാവ് വേലയ്ക്കു ചെയ്തപോലെ മാഗസിൻ കാലിയാക്കിയിടുക എന്നതാണ് വെടിക്കെട്ടുപ്രതിസന്ധി മറികടക്കാനുള്ള പോംവഴി.
പൂരം കൊടിയേറ്റം ഏപ്രിൽ 30നാണ്. അന്നാണ് ആദ്യത്തെ വെടിക്കെട്ട്. മേയ് ആറിനാണ് തൃശൂർ പൂരം. അകലം സംബന്ധിച്ച് ഇളവോ ഭേദഗതിയോ വന്നില്ലെങ്കിൽ പൂരം വെടിക്കെട്ട് പ്രതിസന്ധിയിലാകുമെന്നുറപ്പാണ്.