ജില്ലയിൽ 18 നൈപുണിവികസന കേന്ദ്രങ്ങള്‍ തുറക്കും
1538060
Sunday, March 30, 2025 7:27 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കണക്കും ഇംഗ്ലീഷും സയൻസും മാത്രമല്ല, സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഇനിമുതൽ തൊഴിലും പഠിക്കാം. ഇതിനായി ജില്ലയിൽ ഒരുങ്ങുന്നത് 18 നൈപുണിവികസന കേന്ദ്രങ്ങള്‍. ഏപ്രിൽ അവസാനവാരത്തോടെ ഒരോ വിദ്യാർഥിയുടെയും അഭിരുചിക്കനുസരിച്ചുള്ള തൊഴിൽപഠനവും സാധ്യമാകും. സമഗ്രശിക്ഷാകേരളമാണ് ജില്ലയിൽ അന്താരാഷ്ട്രനിലവാരമുള്ള നൈപുണി വികസനകേന്ദ്രങ്ങൾ ഒരുക്കുന്നത്.
ആനിമേറ്റർ, അസിസ്റ്റന്റ് റോബോട്ടിക്സ് ടെക്നീഷൻ, ഡ്രോൺ സർവീസ് ടെക്നീഷൻ, ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷൻ, ഫിറ്റ്നസ് ട്രെയിനർ, മൊബൈൽ ഫോൺ ഹാർഡ്വെയർ റിപ്പയർ ടെക്നീഷൻ, ഇലക്ട്രീഷൻ, കോസ്മറ്റോളജിസ്റ്റ്, ഹൈഡ്രോപോണിക്സ് ടെക്നീഷൻ തുടങ്ങി നൂതനമായ തൊഴിൽമേഖലകളിലാണ് പരിശീലനം.17 മുതല്‍ 23 വയസിനുതാഴെയുള്ളവർക്കാണു പരിശീലനത്തിന് അവസരം. ഹയർസെക്കൻഡറി വിദ്യാർഥികൾ, പ്ലസ്ടു, ഡിഗ്രി പഠനം പൂർത്തിയാക്കിയവർ, ഭിന്നശേഷിക്കാർ, ആദിവാസിമേഖലയിലുള്ളവർ, സ്കോൾ കേരളയിൽ രജിസ്റ്റർചെയ്തു പഠിക്കുന്നവർ എന്നിവർക്കു സൗജന്യമായി പരിശീലനം നേടാം.
ഒരു ബിആർസിയിൽ ഒരു നൈപുണിവികസനകേന്ദ്രം പ്രവർത്തിക്കും. ചൊവ്വന്നൂർ, വെള്ളാങ്കല്ലൂർ ബിആർസികളിൽ രണ്ടു വീതം സെന്ററുകളുണ്ടാകും. നിലവിൽ ചൊവ്വന്നൂർ ബിആർസിയില്‍ കുന്നംകുളം ഗവ. ബോയ്സ് ജിഎച്ച്എസ്എസിൽ നൈപുണിവികസനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ആദ്യബാച്ച് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയതായി സമഗ്രശിക്ഷാകേരളം ജില്ലാ കോ ഓർഡിനേറ്റർ എൻ.ജി. ബിനോയ് പറഞ്ഞു.
സംസ്ഥാനത്തു വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ എൻഎസ്ക്യുഎഫ് പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികള്മാത്രമാണു പഠനത്തിനൊപ്പം തൊഴിൽവൈദഗ്ധ്യം നേടുനനത്. ഈ സ്ഥിതിക്കു മാറ്റംവരുത്തുകയെന്ന ലക്ഷ്യത്തോടെയാണു സമഗ്രശിക്ഷാകേരളം നൈപുണിവികസനകേന്ദ്രങ്ങൾ ഒരുക്കുന്നത്.
സ്കൂൾമുഖേന പ്രവേശനം
അക്കാദമിക് സ്കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ സ്കൂൾമുഖേനയാണു പ്രവേശനം. പ്രവേശനനടപടികൾ ഉടൻ ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിലും അവധിദിവസങ്ങളിലുമാണു പരിശീലനമുണ്ടാകുക. സ്കൂൾതലത്തിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിക്കപ്പെട്ട വിഭാഗത്തിന്റെ മേധാവിക്കായിരിക്കും നടത്തിപ്പുചുമതല. സ്കിൽ സെന്റർ കോ ഓർഡിനേറ്ററും രണ്ട് അസിസ്റ്റന്റ് കോ ഓർഡിനേറ്ററുമാണു സെന്ററിലുണ്ടാകുക. തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ, ട്രെയിനിംഗ്, വിദഗ്ധരുടെ ക്ലാസുകൾ എന്നിവയുണ്ടാകും.
സർക്കാർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകളിലാണു സെന്ററുകൾ പ്രവർത്തിക്കുക. സെന്ററിൽ രണ്ടു തൊഴിലുകൾ പരിശീലിപ്പിക്കും. ഒരു ബാച്ചിൽ 25 പേരുണ്ടാവും. ഭിന്നശേഷിക്കാരുടെ ബാച്ചിനു കുറഞ്ഞതു പത്തുപേർ മതി. ഒരുവർഷമാണു പരിശീലനം. ഒരു സെന്ററിന് 21.5 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ 11.5 ലക്ഷം ഉപയോഗിച്ച് പശ്ചാത്തലസൗകര്യം ഒരുക്കും. ബാക്കി തുക പരിശീലകരുടെ ശമ്പളത്തിനായി വിനിയോഗിക്കും.