കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്
1538049
Sunday, March 30, 2025 7:14 AM IST
കൈപ്പറമ്പ്: പുറ്റേക്കര സെന്ററിന് സമീപം കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഓട്ടോ യാത്രികയായ കുന്നംകുളം ആനായ്ക്കൽ സ്വദേശി ആലിയ്ക്കൽ വീട്ടിൽ രുഗ്മിണി (78) , ഓട്ടോറിക്ഷാ ഡ്രൈവർ മഴുവഞ്ചേരി സ്വദേശി കുന്നത്ത് വീട്ടിൽ രാജേഷ്(49) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എതിർദിശയിൽ നിന്നും വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
ഇതുവഴി വന്ന ഇരുചക്ര വാഹനത്തിന് വശം ഒതുക്കി നൽകുന്നതിനിടെ നിയന്ത്രണം വിട്ട കാറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരങ്ങൾ. ഇരുചക്രവാഹന യാത്രികനും അപകടത്തിൽ പെട്ടെങ്കിലും ഇയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കേച്ചേരി ആക്ട്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തിൽ കാറിനും ഓട്ടോറിക്ഷക്കും കേടുപ്പാടുകൾ സംഭവിച്ചിട്ടുണ്ട്.