പാലയൂർ ബൈബിൾ കൺവൻഷന് ഇന്നു തുടക്കം
1538043
Sunday, March 30, 2025 7:14 AM IST
പാലയൂർ: മഹാതീർഥാടനത്തിന്റെ ഭാഗമായി നടത്തുന്ന ബൈബിൾ കൺവൻഷൻ മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രാങ്കണത്തിൽ ഇന്ന് ആരംഭിക്കും. വൈകീട്ട് അഞ്ചിന് ജപമാലയോടെയാണ് തുടക്കം. തുടർന്ന് വിശുദ്ധ കുർബാന, വചനസന്ദേശം, ദിവ്യകാരുണ്യ ആരാധന എന്ന ക്രമത്തിലാണ് ധ്യാനം.
കൺവൻഷന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 6.30ന് സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ നിർവഹിക്കും. ഗാഗുൽത്താ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ബെന്നി പീറ്റർ വെട്ടിക്കനാംകുടിയുടെ നേതൃത്വത്തിലുള്ള ടീമാണ് നയിക്കുന്നത്. മറ്റു ദിവസങ്ങളിൽ കൗൺസലിംഗ്,രോഗശാന്തിശുശ്രുഷ, അനുരഞ്ജനം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുമെന്ന് ആർച്ച്പ്രിസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ എന്നിവർ അറിയിച്ചു.
5000 പേർക്കുള്ള ഇരിപ്പിടവും പന്തലും ഒരുക്കിയിട്ടുണ്ട്. സമീപപ്രദേശങ്ങളിൽനിന്ന് ധ്യാനത്തിന് എത്തുന്നവർക്ക് തിരിച്ചുപോകാൻ വാഹനസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കൺവീനർ ജോയ് ചിറമ്മൽ അറിയിച്ചു. അഞ്ചു ദിവസമായി നടത്തുന്ന കൺവൻഷന്റെ സമാപന ഉദ്ഘാടനം മൂന്നിന് വൈകീട്ട് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും.