ലൂസിഫർ യുവജനതയെ വഴിതെറ്റിക്കുന്നു : മാർ ടോണി നീലങ്കാവിൽ
1538161
Monday, March 31, 2025 1:15 AM IST
പാലയൂർ: തിന്മ മാത്രം കൈമുതലായ ലൂസിഫറിന്റെ രാജ്യം യുവജനതയെ വഴിതെറ്റിക്കുകയാണെന്ന് അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ പറഞ്ഞു. പാലയൂർ ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മയക്കുമരുന്നിനടിമപ്പെട്ട് മാതാപിതാക്കളെയും സഹോദരൻമാരെയും കൊലപ്പെടുത്തുന്നതിൽ ആനന്ദം കാണുന്ന യുവാക്കളുടെ മനസുനിറയെ ലൂസിഫറാണ്. അവരെ നന്മയിലേക്ക് കൊണ്ടുവരാൻ സമൂഹത്തിന് ബാധ്യതയുണ്ട്.
തിന്മയെ ഓടിക്കാൻ ക്രൈസ് തവനുള്ള ആയുധം പ്രാർഥനയാണ് . യേശുവിന്റെ കുരിശുമായി നമ്മൾ ഇറങ്ങിയാൽ ലൂസിഫർ ഒന്നുമല്ല. തകർപ്പൻ ഡയലോഗുകളുമായി തിയറ്ററിൽ ആളെ കൂട്ടുമ്പോൾ അത്തരം സിനിമകൾ സമൂഹത്തിനു നൽകുന്ന സന്ദേശം എന്താണെന്ന് കൂടി ചിന്തിക്കണമെന്നും ബിഷപ് പറഞ്ഞു.
ജപമാലയോടു കൂടിയാണ് ധ്യാനം ആരംഭിച്ചത്. ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത് മുഖ്യകാർമികനായ വിശുദ്ധ കുർബാനയ്ക്കുശേഷം അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ബൈബിൾ പ്രതിഷ്ഠ നടത്തി.
ഗാഗുൽത്ത ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ബെന്നി പീറ്റർ വെട്ടിക്കാനക്കുടിയുടെ നേതൃത്വത്തിലുള്ള ടീമാണ് പാലയൂർ തീർഥകേന്ദ്രത്തിൽ അഞ്ച് ദിവസത്തെ ധ്യാനം നയിക്കുന്നത്. തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, സഹവികാരി ഫാ. ക്ലിന്റ് പാണേങ്ങാടൻ, ബൈബിൾ കൺവൻഷൻ ഫൊറോന ഇൻ ചാർജ് ഫാ. ലിവിൻ ചൂണ്ടൽ എന്നിവർ പ്രസംഗിച്ചു.
ജനറൽ കൺവീനർ തോമസ് ചിറമ്മൽ, കൺവീനർമാരായ ജോയ് ചിറമ്മൽ, പി.ഐ. ലാസർ മാസ്റ്റർ, തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു ആന്റോ, ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയങ്കണ്ടത്ത്, ചാക്കോ പുലിക്കോട്ടിൽ, പി.എ. ഹൈസൺ സേവ്യർ വാകയിൽ, സിസ്റ്റർ ടെസ്ലിൻ തുടങ്ങിയവർ നേതൃത്വം നൽകി.