മന്ത്രി ബിന്ദുവിന്റേത് എട്ടുകാലിമമ്മൂഞ്ഞ് രാഷ്ട്രീയമെന്നു ബിജെപി
1538052
Sunday, March 30, 2025 7:27 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിന് സിന്തറ്റിക് അത്ലറ്റിക് ട്രാക്ക് അനുവദിച്ച വിഷയത്തില്‍ എംഎല്‍എയും മന്ത്രിയുമായ ഡോ. ആര്. ബിന്ദു നടത്തുന്നത് എട്ടുകാലിമമ്മൂഞ്ഞ് രാഷ്ട്രീയമെന്നു ബിജെപി.
സ്ഥലം എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെയും പി.ടി. ഉഷയുടെയും ശ്രമഫലമായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോളജിന് സിന്തറ്റിക് ട്രാക്ക് അനുവദിച്ചത്. പദ്ധതിക്കുവേണ്ടി നിരവധിതവണ എംപി കോളജ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
എന്‍ഒസി നല്‍കുക എന്നതുമാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയിലുള്ളത്. ഒരു രൂപപോലും സംസ്ഥാന സര്‍ക്കാര്‍ മുടക്കുന്നില്ല. വസ്തുതകള്‍ ഇതായിരിക്കേ മന്ത്രി ബിന്ദു രാഷ്ട്രീയനേട്ടം എടുക്കാന്‍ ശ്രമിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചോ സ്ഥലം എംപിയെക്കുറിച്ചോ മിണ്ടാതിരിക്കുന്നതു ശരിയല്ലെന്ന് ബിജെപി നിയോജകമണ്ഡലം മുന്‍ പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റുമാരായ ആര്‍ച്ച അനീഷ്, പി.എസ്. സുഭീഷ്, മണ്ഡലം വൈസ് പ്രസിഡന്റ് വിപിന്‍ പാറമേക്കാട്ടില്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.