വിദ്യാർഥികൾക്കു മദ്യം വാങ്ങിനൽകിയ രണ്ടുപേർ അറസ്റ്റിൽ
1537500
Saturday, March 29, 2025 1:22 AM IST
കൊടുങ്ങല്ലൂർ: പത്താംക്ലാസ് പരീക്ഷ അവസാനിക്കുന്ന ദിവസം കുട്ടികൾക്കു മദ്യം വാങ്ങിത്തരാമെന്നു പറഞ്ഞ് കുട്ടികളിൽനിന്നു പിരിവുവാങ്ങി ബിവറേജസിൽനിന്നു മദ്യം വാങ്ങി കുട്ടികൾക്കു നൽകിയ ചാപ്പാറ പന്തീരമ്പാല സ്വദേശി അബിജിത്ത് (19), ചാപ്പാറ പടിഞ്ഞാറേവീട്ടിൽ അമർനാഥ് (18) എന്നിവരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾ പരിക്ഷകഴിഞ്ഞു പുറത്തിറങ്ങുന്ന സമയത്തു സ്കൂൾ അധികൃതർ ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യം കണ്ടെടുത്തത്.
തുടർന്നു രക്ഷിതാക്കൾക്കൊപ്പം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ വന്ന് പരാതിനൽകിയതിന്റെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്നുനടത്തിയ അന്വേഷണത്തിൽ ബിവറേജസിൽനിന്നു മദ്യം വാങ്ങി പ്രായപൂർത്തിയാകാത്ത കുട്ടികൾക്കു നൽകി കുട്ടികളെ ലഹരിക്കടിമപ്പെടുത്താൻ ശ്രമിച്ചതായി കണ്ടെത്തിയതിനാലാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ. അരുൺ, സബ് ഇൻസ്പെക്ടർ തോമസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.