മാടായിക്കോണം ഫാത്തിമമാതാ ലത്തീൻ പള്ളി ആശീർവാദം നാളെ
1537497
Saturday, March 29, 2025 1:22 AM IST
തൃശൂർ: കോട്ടപ്പുറം ലത്തീൻ രൂപതയുടെ കീഴിൽ മാടായിക്കോണത്തു ഫാത്തിമമാതായുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ ആശീർവാദം നാളെ വൈകീട്ട് 4.30 നു രൂപതാധ്യക്ഷൻ ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർവഹിക്കും. വികാരി ജനറാൾ മോൺ. റോക്കി റോബി കളത്തിൽ, ചാൻസലർ ഫാ. ഷാബു കുന്നത്തൂർ തുടങ്ങി നിരവധി വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുക്കും.
തൃശൂർ തിരുഹൃദയ റോമൻ കാത്തലിക് ലത്തീൻ പള്ളിയുടെ മേൽനോട്ടത്തിലായിരിക്കും പുതിയ ഫാത്തിമമാതാ ദേവാലയം. ആശീർവാദ ചടങ്ങിനോടനുബന്ധിച്ചു നിരവധി കാരുണ്യപ്രവൃത്തികൾക്കും തുടക്കം കുറിക്കും.
പോർച്ചുഗലിലെ ഫാത്തിമയിൽനിന്നു കൊണ്ടുവന്ന ഫാത്തിമമാതാവിന്റെ തിരുസ്വരൂപം വഹിച്ചുള്ള വാഹനറാലി തൃശൂർ തിരുഹൃദയ ലത്തിൻ പള്ളിയിൽനിന്ന് ഉച്ചയ്ക്ക് ഒന്നിന് ആരംഭിക്കും. വൈകീട്ട് നാലിന് ആയിരങ്ങൾ അണിനിരക്കുന്ന പ്രദക്ഷിണവും റാലിയും ഉണ്ടായിരിക്കും. വാദ്യമേളങ്ങൾ, പരമ്പരാഗതകലകൾ, വേഷങ്ങൾ എന്നിവ അണിയിച്ചൊരുക്കി ചവിട്ടുനാടകഗ്രൂപ്പും മാർഗംകളി, ടാബ്ലോ, മാലാഖമാർ തുടങ്ങിയവയും ഘോഷയാത്രയിൽ അണിനിരക്കും.
തിരുക്കർമങ്ങൾക്കുശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ തൃശൂർ തിരുഹൃദയ പള്ളി വികാരി ഫാ. ജോഷി മുട്ടിക്കൽ, സഹവികാരിമാരായ ഫാ. മിഥിൻ ടൈറ്റസ് പുളിക്കത്തറ, ഫാ. അനീഷ് ജോസഫ് പുത്തൻപറമ്പിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി ബ്രിസ്റ്റോ തൈപ്പാടത്ത്, കേന്ദ്രസമിതി പ്രസിഡന്റ് ബെന്നി ചക്കാലയ്ക്കൽ, സെക്രട്ടറി ആർ.എസ്. ഷാരോൺ, ജനറൽ കൺവീനർ രാജീവ് ജോസഫ് എന്നിവർ പങ്കെടുത്തു.