സെന്റ് അലോഷ്യസിൽനിന്ന് പ്രഫ. ചാക്കോ ജോസ് പടിയിറങ്ങുന്നു
1537498
Saturday, March 29, 2025 1:22 AM IST
തൃശൂർ: മൂന്നുപതിറ്റാണ്ടിലേറെ അക്കാദമിക-സാമൂഹികരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച പ്രഫ. പി. ചാക്കോ ജോസ് സെന്റ് അലോഷ്യസ് കോളജ് പ്രിൻസിപ്പൽ പദവിയിൽനിന്നു വിരമിക്കുന്നു. സെന്റ് ചാവറ സെന്റർ ഫോർ ടീച്ചിംഗ് എക്സലൻസ്, അലോഷ്യൻ സെന്റർ ഫോർ കോൾ -വെറ്റ്ലാൻഡ് സ്റ്റഡീസ് ആൻഡ് റിസർച്ച്, അലോഷ്യൻ സെന്റർ ഫോർ ലൈഫ്ലോംഗ് ലേണിംഗ് പോലുള്ള സംരംഭങ്ങൾ പ്രഫ. ചാക്കോ ജോസിന്റെ നേതൃത്വത്തിലാണ് ആരംഭിച്ചത്.
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണനിലവാരവർധനയ്ക്കായി കേന്ദ്രസർക്കാർ അനുവദിച്ച പിഎം ഉഷ ഗ്രാന്റ് കോളജിനു ലഭിച്ചതും അദ്ദേഹത്തിന്റെ നേട്ടമാണ്. ചാലക്കുടി സേക്രഡ് ഹാർട്ട് കോളജിൽ 27 വർഷം സാന്പത്തികശാസ്ത്ര അധ്യാപകനായിരുന്നു. കാലിക്കട്ട് സർവകലാശാലയിലെ അക്കാദമിക് സ്റ്റാഫ് കോളജ് ഫാക്കൽറ്റിയായും സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ എംബിഎ പ്രോഗ്രാമിന്റെ വിസിറ്റിംഗ് ഫാക്കൽറ്റി അംഗമായും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ എംബിഎ പ്രോഗ്രാമിന്റെ സ്റ്റുഡന്റ് കൗണ്‍സിലറായും പ്രവർത്തിച്ചു.
മികച്ച അധ്യാപകനുള്ള കാലിക്കട്ട് സർവകലാശാലയുടെ പ്രഫ. എം.എം. ഗനി പുരസ്കാരവും ലഭിച്ചു. പിതാവ് പ്രഫ. പി.സി. ജോസ് ഫിസിക്സ് അധ്യാപകനായി ജോലിചെയ്ത കോളജിൽതന്നെ പ്രിൻസിപ്പലാകുകയെന്ന നിയോഗവും പ്രഫ. ചാക്കോയ്ക്കുണ്ടായി. എൻട്രൻസ് കോച്ചിംഗ് രംഗത്തെ പ്രമുഖനായ പ്രഫ. പി.സി. തോമസ് പിതൃസഹോദരനാണ്.