തൃശൂർ പൂരം വെടിക്കെട്ട് വിവാദം തരികിട പരിപാടി: സുരേഷ് ഗോപി
1538059
Sunday, March 30, 2025 7:27 AM IST
തൃശൂർ: തൃശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിവാദം തരികിട പരിപാടിയാണെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പൂരം വെടിക്കെട്ട് ഗംഭീരമായി നടക്കും. പാറമേക്കാവ്, തിരുവന്പാടി ദേവസ്വം ഭാരവാഹികളായ ഗിരീഷിനെയും രാജേഷിനെയും കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ മുൻപിൽ കൊണ്ടുപോയി ഇരുത്തി അവരുമായി രണ്ടുമണിക്കൂർ ചർച്ചചെയ്ത് കാര്യങ്ങൾ മുഴുവൻ പറഞ്ഞുമനസിലാക്കിയിട്ടുണ്ട്. പിറ്റേദിവസം ഓരോ വകുപ്പിനെയും വിളിച്ചിരുത്തിയാണ് അവർ ചർച്ചകൾ നടത്തിയത്.
സർക്കാരിനു നിയമപരമായി കാര്യങ്ങൾ ചെയ്യാനുണ്ട്. കേന്ദ്രനിയമം മാറ്റുന്നത് ഇന്ത്യയിലെ മുഴുവൻ ഇടങ്ങളെയും ബാധിക്കുന്ന കാര്യമാണ്. പുനഃക്രമീകരണത്തിനുവേണ്ടി താൻ ശ്രമിക്കുന്നതിനിടയിലാണ് കണ്ണൂരിൽ അപകടമുണ്ടായത്. അപകടങ്ങൾ നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ചെയ്തില്ലെങ്കിൽ കോടതിയും ജനങ്ങളും സർക്കാരിനോടു ചോദിക്കും.
പാറമേക്കാവ് വേലയ്ക്കു താനുംകൂടി നിന്നാണ് വെടിക്കെട്ടിന് അനുമതി നേടിക്കൊടുത്തത്. എന്നാൽ അവർ അതൊന്നും പറയില്ല. പറഞ്ഞാൽ അതു രാഷ്ട്രീയവളർച്ചയായി പോകും. ചില രാഷ്ട്രീയസൗകര്യങ്ങൾക്കുവേണ്ടി പലതും മറച്ചുവയ്ക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
തൃശൂരിൽ ഒന്നും ചെയ്യുന്നില്ലെന്ന വിമർശനത്തോട്, അഞ്ചുവർഷം കൂടുന്പോൾ തൃശൂരിൽനിന്ന് ജയിച്ചവർ എന്താണു ചെയ്തതെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം. വിമർശനം ഉന്നയിക്കുന്നവർ മുന്പു ചെയ്തത് എന്തെല്ലാമെന്നുകൂടി ഓർക്കണം. തോറ്റപ്പോഴും തൃശൂരിൽ പ്രവർത്തിച്ചിട്ടുണ്ട്. ജയിച്ചപ്പോൾപിന്നെ എന്തൊക്കെ ചെയ്യുമെന്നു പ്രത്യേകം പറയേണ്ടല്ലോ.
ആശാ വർക്കർമാരുടെ സമരത്തിൽ രാഷ്ട്രീയ സർക്കസിന് ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. ആശാ വർക്കർമാർ വീട്ടിൽ വന്നു ക്ഷണിച്ചതിനുപിന്നാലെയാണ് സമരപ്പന്തലിൽ പോയത്. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പലതരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു. അത്തരം വിമർശനങ്ങൾ രാഷ്ട്രീയ സർക്കസിന്റെ പേരിലാണ്. അത്തരം രാഷ്ട്രീയ സർക്കസുകൾക്കു താനില്ല. തിരുവനന്തപുരത്തെത്തിയാൽ വീണ്ടും ആശാ വർക്കർമാരെ കാണുമെന്നും സുരേഷ്ഗോപി വ്യക്തമാക്കി.