നാടൻ കാഴ്ച കളുടെ സൂപ്പർ വൈബ്സ്!
1538176
Monday, March 31, 2025 1:16 AM IST
സി.ജി. ജിജാസൽ
തൃശൂർ: പരീക്ഷച്ചൂട് കഴിഞ്ഞു. പുസ്തകം താഴെവച്ച് അവധിക്കാലത്തിന്റെ ആവേശത്തിലേക്കു കുട്ടിക്കുറുന്പൻമാരും കുറുന്പത്തികളുമൊക്കെ ഇറങ്ങുകയാണ്.
നഗരത്തിലും നാട്ടുന്പുറത്തുമെല്ലാം ഇനി കളിയുടെ മേളാങ്കം. പക്ഷേ, ചിലരെങ്കിലും വീടുകളിലേക്ക് ഒതുങ്ങുകയും മൊബൈൽ ഫോണും ഇന്റർനെറ്റുമൊക്കെയായി ചുരുങ്ങിപ്പോകാനും സാധ്യതയുണ്ട്.
ബന്ധുവീടുകളിലേക്കു വിരുന്നിനുപോയും സിനിമകൾ കണ്ടും യാത്രപോയുമൊക്കെ അവധിക്കാലം ബന്ധങ്ങൾ പുതുക്കാനുള്ള അവസരംകൂടി നൽകുന്നുണ്ട്. അതിനുവേണ്ടി മാതാപിതാക്കളും അൽപസമയം നീക്കിവച്ചാൽ ഈ മധ്യവേനലിലും ആഹ്ളാദത്തിന്റെ ആരവം ഉയരും. ഒപ്പം ക്രിയാത്മകമായി ചെലവഴിക്കാനും അൽപസമയം നീക്കിവയ്ക്കാം.
നാട്ടുന്പുറങ്ങളിലേതുപോലെ സ്വാതന്ത്ര്യമില്ലെങ്കിലും നഗരത്തിലും കാഴ്ചകളും നിരവധിയുണ്ട്. ഒപ്പം അറിവിന്റെ അത്ഭുതങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ട്.
അവിടേക്കൊരു യാത്ര പോയാലോ ?
ശക്തൻ കൊട്ടാരം
കൊച്ചി രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായിരുന്ന കൊട്ടാരം രണ്ടുവർഷത്തിനുശേഷം അടിമുടി മാറ്റത്തോടെ സന്ദർശകർക്കായി തുറന്നിട്ടുണ്ട്. രാമവർമ തന്പുരാൻ കേരള - ഡച്ച് വാസ്തുവിദ്യാ ശൈലിയിൽ 1795ലും പിന്നീടു ശക്തൻ തന്പുരാനും പുനരുദ്ധരിച്ചതാണു കൊട്ടാരം. ഉദ്യാനവും സർപ്പക്കാവും കുളവുമൊക്കെയായി കാഴ്ചകളുടെ കലവറയാണിവിടം.
മൃഗശാലയും മ്യൂസിയവും
തൃശൂർ നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ 13.5 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു മ്യൂസിയവും മൃഗശാലയും. രാജ്യത്തെ ഏറ്റവും പഴക്കംചെന്ന മൃഗശാലകളിലൊന്നും സംസ്ഥാനത്തെ പ്രധാന സുവോളജിക്കൽ പാർക്കുമാണിത്. ചിൽഡ്രൻസ് പാർക്ക്, ത്രീഡി തിയേറ്റർ എന്നിവയുമുണ്ട്. പുത്തൂർ സുവോളജിക്കൽ പാർക്ക് ഓണത്തിനു തുറക്കുമെന്നുമറിയുന്നു.
തൃശൂർ നെഹ്റു പാർക്ക്
നെഹ്റുവിനോടുള്ള ആദമർപ്പിച്ചു തുറന്ന പാർക്ക് സ്വരാജ്റൗണ്ടിൽതന്നെയാണ്. തിരക്കേറെയുള്ള നഗരത്തിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരേപോലെ വിനോദത്തിന് ഉപയോഗിക്കാം. തൃശൂർ കോർപറേഷനാണു പാർക്കിന്റെ ചുമതല. വ്യായാമത്തിനായി എല്ലാവിധ പ്രായക്കാർക്കുമുള്ള ഉപകരണങ്ങളുമുണ്ട് ഇവിടെ.
പുത്തൻപള്ളി, ബൈബിൾ ടവർ
നഗരഹൃദയത്തിലെ ദേവാലയമാണു പുത്തൻപള്ളി എന്ന വ്യാകുല മാതാവിൻ ബസിലിക്ക. ഉയരത്തിൽ ഇന്ത്യയിൽ ഒന്നാമതും ഏഷ്യയിൽ മൂന്നാമതുമായ പുത്തൻ പള്ളി ഗോഥിക് വാസ്തു ശൈലിയിലാണു നിർമിച്ചത്. ഇതിനോട് ചേർന്നുതന്നെ 146 അടി വീതം ഉയരമുള്ള രണ്ട് മണിഗോപുരങ്ങളും 260 അടി ഉയരമുള്ള ബൈബിൾ ടവറും സന്ദർശകർക്ക് മനോഹര ദൃശ്യങ്ങൾ സമ്മാനിക്കും.
വഞ്ചിക്കുളം
നാശത്തിന്റെ വക്കിൽനിന്ന് പഴയകാല പ്രതാപത്തിലെത്തി നിൽക്കുകയാണു വഞ്ചിക്കുളം. രാജഭരണ കാലത്ത് നഗരവ്യാപാര സിരാകേന്ദ്രമായിരുന്ന വഞ്ചിക്കുളം ഇപ്പോൾ ടൂറിസം ഹബിന്റെ ഭാഗമാണ്. വൈകുന്നേരങ്ങളിൽ കുടുംബസമേതം സന്ദർശിക്കാം. നടപ്പാത, പാർക്ക്, വ്യായാമ ഉപകരണങ്ങൾ, ടീ സ്റ്റാൾ എന്നിവയും ഇവിടെയുണ്ട്.
വടക്കുന്നാഥ ക്ഷേത്രം
തൃശൂർ പൂരത്തിന്റെ പെരുമയാൽ ഉയർന്നുനിൽക്കുന്ന വടക്കുന്നാഥ ക്ഷേത്രം ചരിത്രവുമായി ഇഴചേർന്നു നിൽക്കുന്നു. ശക്തൻ തന്പുരാന്റെ കാലത്താണ് ഇന്നത്തെ നിലയിൽ പുനർനിർമിച്ചത്. കേരളത്തിലെ ഏറ്റവും വലിയ മതിൽക്കെട്ടുള്ള വടക്കുന്നാഥക്ഷേത്രം 20 ഏക്കറിലാണു സ്ഥിതി ചെയ്യുന്നത്. നാലുദിക്കുകളിലുമായി നാലു മഹാഗോപുരങ്ങൾ ഇവിടെ പണിതീർത്തിട്ടുണ്ട്. വടക്കുംനാഥന്റെ മഹാപ്രദക്ഷിണ വഴിയാണ് സ്വരാജ് റൗണ്ട്. നഗരത്തിലെത്തുന്ന ആർക്കും വടക്കുന്നാഥനു മുന്നിലൂടെയല്ലാതെ പോകാൻ കഴിയില്ല. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണു ക്ഷേത്രം.
ചാവക്കാട് ബീച്ച്
ഒരുകാലത്ത് ബീച്ച് എന്നുപറഞ്ഞാൽ ചാവക്കാട് എന്ന് പറഞ്ഞിരുന്നവിധം ഖ്യാതിയുണ്ടായിരുന്നു ചാവക്കാട് ബീച്ചിന്. ഇന്നും അതിനു അധികമൊന്നും കോട്ടം തട്ടാതെ മുന്നോട്ട് പോകാൻ ഇടയാക്കുന്നത് പ്രകൃതിയുടെ മായക്കാഴ്ചകളാണ്.
സ്നേഹതീരം
തളിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന സ്നേഹതീരം ബീച്ച് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ആദ്യസ്ഥാനം നിലനിർത്തുന്നതാണ്. ജില്ലയിൽത്തന്നെ ഏറ്റവും മികച്ചരീതിയിൽ പരിപാലിക്കപ്പെടുന്ന ബീച്ച് എന്ന ഖ്യാതിയുള്ള ഇവിടം വിശ്രമവും പ്രകൃതി സൗന്ദര്യവും ഒരുപോലെ ആസ്വദിക്കുന്നവർക്ക് മികച്ച കേന്ദ്രം കൂടിയാണ്.
ചെപ്പാറ റോക്ക് ഗാർഡൻ
പൂമലയും പത്താഴക്കുണ്ടും കണ്ടാൽ ഒരിക്കലും കാണാൻ മറന്നുപോകരുത് ചെപ്പാറ റോക്ക് ഗാർഡൻ.
പ്രകൃതിസൗന്ദര്യത്താൽ സന്പന്നമായ ഇവിടം നീണ്ടുകിടക്കുന്ന പാറക്കൂട്ടം സഞ്ചാരികൾക്ക് നൽകുന്ന കാഴ്ച അതിമനോഹരമാണ്. വീശിയടിക്കുന്ന കാറ്റും പൊട്ടിവിരിയുന്ന പ്രഭാതവും കോടമഞ്ഞും അസ്തമയവും എല്ലാം സന്ദർശകർക്ക് നവ്യാനുഭവമാണ് പകരുക. ഋഷിമാർ ധ്യാനിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന മുനിയറകളും ഇവിടെ കാണാം.
പുള്ള്
തിരക്കേറിയ നഗരജീവിതത്തിൽനിന്നു പ്രകൃതിയുടെ ശാന്തമായ പുതിയൊരു ലോകം സഞ്ചാരികൾക്ക് സമ്മാനിക്കുന്ന ഇടമാണ് പുള്ള്. നോക്കെത്താദൂരം പരന്നുകിടക്കുന്ന കോൾപ്പാടങ്ങൾക്ക് നടുവിലൂടെ ഇളംകാറ്റേറ്റ് ഇരുവശങ്ങളിലും പച്ചപ്പും നിറഞ്ഞൊഴുകുന്ന തോടും താമരപ്പാടവും കണ്ടും കുട്ടവഞ്ചി യാത്രനടത്തിയും ഭക്ഷണം കഴിച്ചും മടങ്ങാൻ പറ്റിയ ഇടമാണിത്. പ്രഭാതകാഴ്ചയും വൈകുന്നേരത്തെ അസ്തമയവും പറഞ്ഞറിയിക്കാനാവില്ല.
പീച്ചിഡാം
തൃശൂരിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള പീച്ചി ഡാം സന്ദർശകരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. കരുവന്നൂർ പുഴയുടെ പോഷകനദിയായ മണലിപ്പുഴയുടെ കുറുകെ നിർമിച്ച ഈ ഡാം കുടുംബത്തോടൊപ്പം ഒരു വാരാന്ത്യ വിനോദയാത്രയ്ക്ക് അനുയോജ്യമാണ്. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് വിശാലമായ പാർക്കിലൂടെ നടക്കാം, പ്രത്യേകിച്ച് മറ്റെവിടെയും കണ്ടിട്ടില്ലാത്ത പക്ഷികളെ കാണാം. ശലഭങ്ങളും ഇരുപത്തിയഞ്ചിലധികം വ്യത്യസ്ത ഇനം സസ്തനികളും നൂറിൽപ്പരം പക്ഷികളുമുള്ള ഇവിടെ ഭാഗ്യമുണ്ടെങ്കിൽ നീരാട്ടിനിറങ്ങിയ ആനക്കൂട്ടത്തെയും കാണാം.
വാഴാനി ഡാം
മച്ചാട് മലനിരകളാൽ ചുറ്റപ്പെട്ട വടക്കാഞ്ചേരിയിൽനിന്നു വെറും എട്ട് കിലോമീറ്റർ അകലെ പരന്നുകിടക്കുന്ന ഈ അണക്കെട്ടും സഞ്ചാരികൾക്ക് നല്ലൊരു കാഴ്ചയാണ് സമ്മാനിക്കുക. റോഡിന് ഇരുവശവും വർണമനോഹരമാക്കിയ പൂന്തോട്ടം കടന്നുവേണം ഇവിടെ എത്തിപ്പെടാൻ. ടിക്കറ്റ് എടുത്തു പ്രവേശനകടവാടം കടന്നാൽ മറ്റു ഡാമുകളിൽ നിന്നു വ്യത്യസ്തമായി ചെറിയൊരു കയറ്റം കയറി വേണം ഡാമിന് മുകളിൽ എത്തിച്ചേരാൻ. മുകളിൽ എത്തിയാൽ വിശാലമായ ഡാമിന്റെ സുന്ദരദൃശ്യം കാണാം. മറുതലയ്ക്ക് നോക്കിയാൽ കുത്തനെ യുള്ള ഇറക്കവും അതിനുതാഴെ പലവിധ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന പൂന്തോട്ടവും കുട്ടികളുടെ കളിസ്ഥലവും കാണാം. തൂക്കുപാലവും ഭീമൻ ഗർത്തവും ഒരേപോലെ ആവേശം നിറയ്ക്കും. കേരളത്തിലെ ഏറ്റവും വലിയ കളിമണ് അണക്കെട്ടുകളിൽ ഒന്നാണു വാഴാനി.
പൂമല - പത്താഴക്കുണ്ട് ഡാം
കാഴ്ചയിൽ മറ്റു ഡാമുകളോ
ട് കിടപിടിക്കാനുള്ള വലിപ്പമി
ല്ലെങ്കിലും ഒരിക്കൽ വന്നാൽ വീണ്ടും വീണ്ടും വരാൻ പ്രേരിപ്പിക്കുന്ന സുന്ദരകാഴ്ചയുടെ പ്രതീകമാണ് ഈ ഡാമും പരിസരവും. തൃശൂരിൽനിന്ന് 21 കിലോമീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്ന ഡാം റോഡിനോട് ചേർന്നാണ് നിലകൊള്ളുന്നത്. പൂമല ഡാമിലേക്കുള്ള വഴിയിൽത്തന്നെ കാണാവുന്ന മറ്റൊരു ഡാമാണ് പത്താഴക്കുണ്ട് ഡാം. വിനോദ സഞ്ചാരികളുടെ പട്ടികയിൽ അധികം ഇടംപിടിച്ചിട്ടില്ലെങ്കിലും സുരക്ഷിതമായ വെള്ളച്ചാട്ടം സന്ദർശനത്തിന് അനുയോജ്യമാണ്.
ചിമ്മിനി ഡാം
വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലപ്പിള്ളിക്കു സമീപം എച്ചിപ്പാറയിൽ നിലകൊള്ളുന്ന ചിമ്മിനി ഡാമും ഇവിടേക്കുള്ള യാത്രയും ഒരു കാരണവശാലും സഞ്ചാരികൾക്ക് നഷ്ടമാകില്ലെന്ന് ഉറപ്പാണ്. പാലപ്പിള്ളി എച്ചിപ്പാറ കഴിഞ്ഞാൽ പിന്നെ മനുഷ്യവാസം കുറഞ്ഞ എസ്റ്റേറ്റിലൂടെ പ്രകൃതിയുടെ ദൃശ്യഭംഗി മതിവരുവോളം ആസ്വദിച്ച് നിശബ്ദത പോലും സൗന്ദര്യമാകുന്ന നയനമനോഹര കാഴ്ചകളുടെ അത്ഭുതലോകമായ ഇവിടം കാട്ടരുവികളും പുഴകളും തോടുകളും എത്ര കണ്ടാലും മതിവരില്ല. ഇരുട്ടിയാൽ ആനയും മറ്റു വന്യജീവികളെയും കാണാൻ കഴിയുന്ന ഇവിടം അപൂർവ സസ്യ - ജീവജാലങ്ങളുടെ കേന്ദ്രം കൂടിയാണ്.
മലക്കപ്പാറ
അതിരപ്പിള്ളിയും വാഴച്ചാലും കണ്ടു തിരികെ മടങ്ങുംമുൻപ് സന്ദർശകർക്ക് കണ്ണിനു കുളിരേകുന്ന മറ്റൊരു ഇടമാണ് മാലാഖപ്പാറ എന്ന പേരിൽ അറിയപ്പെടുന്ന മലക്കപ്പാറ. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 900 മീറ്ററാണ് പ്രദേശത്തിന്റെ ശരാശരി ഉയരം. തേയിലത്തോട്ടങ്ങൾ കൊണ്ടും സമൃദ്ധമായ ഇവിടം ആന, മ്ലാവ്, വംശനാശഭീഷണി നേരിടുന്ന നിരവധിയിനം സസ്യജന്തുജാലങ്ങൾ എന്നിവയെയും കാണാൻ സാധിക്കും. ഈ യാത്രയിൽ തന്നെ ലോവർ ഷോളയാർ ഡാമും കാണാം. വാഴച്ചാൽ- മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്റെയും കീഴിലാണു പ്രദേശം.
തുന്പൂർമുഴി
ചാലക്കുടിയിൽനിന്ന് അതിരപ്പിള്ളിയിലേക്കു കടന്നുവരുന്പോൾ സഞ്ചാരികളെ ആദ്യം സ്വാഗതം ചെയ്യുന്നയിടമാണു തുന്പൂർമുഴി. തടയണയും തൂക്കുപാലവും ശലഭോദ്യാനവും ഒരിക്കലെങ്കിലും ആസ്വാദിക്കേണ്ടതാണ്. കുട്ടികൾക്കായി കളിസ്ഥലവും വിനോദത്തിനു ഒപ്പം വിജ്ഞാനം പകരുന്ന കന്നുകാലി വളർത്തൽ ഗവേഷണ കേന്ദ്രവും ഇവിടെയുണ്ട്.
അതിരപ്പിള്ളി
വിദേശികളെയടക്കം ആകർഷിക്കുന്ന കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമാണു കേരളത്തിന്റെ നയാഗ്രയെന്ന് അറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം. മഴ ശക്തമാകുന്ന കാലങ്ങളിലാണ് ഇവിടെ വെള്ളച്ചാട്ടം മായക്കാഴ്ചകൾ ഒരുക്കുന്നതെങ്കിലും വേനലിലും ഇവിടെ നിരവധി സഞ്ചാരികൾ എത്താറുണ്ട്. പശ്ചിമഘട്ട മലനിരകളിൽനിന്നു ഒഴുകിയെത്തുന്ന ചാലക്കുടിപ്പുഴയുടെ ഭാഗമായ അതിരപ്പിള്ളി ഷോളയാർ വനമേഖലയുടെ കവാടം കൂടിയാണ്.
വാഴച്ചാൽ
അതിരപ്പിള്ളിയുടെ പേരിനൊപ്പം ചേർക്കപ്പെടുന്ന മറ്റൊരു പേരാണ് വാഴച്ചാൽ. അതിരപ്പിള്ളിയിൽനിന്ന് അഞ്ചു കിലോമീറ്റർ മാത്രം അകലം. പച്ചപ്പുകൊണ്ടും വെള്ളത്തിന്റെ കളകളാരവംകൊണ്ടും സന്ദർശകരുടെ മനം മയക്കും ഇവിടം. വംശനാശം നേരിടുന്ന വേഴാന്പലുകളെയും ഇവിടെ കാണാനാകും. പക്ഷി ശാസ്ത്രജ്ഞരുടെയും പക്ഷിനിരീക്ഷകരുടെയും ഇഷ്ടകേന്ദ്രം കൂടിയാണ് വാഴച്ചാൽ.