80 കിലോമീറ്റർ സൈക്കിൾ ചവിട്ടി കളക്ടറും സംഘവും
1538173
Monday, March 31, 2025 1:16 AM IST
തൃശൂർ: ലഹരിമുക്ത തൃശൂരിനായി 80 കിലോമീറ്റർ സൈക്കിൾ ചവിട്ടി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും സംഘവും.
ജില്ലാ ഭരണകൂടത്തിന്റെയും എക്സൈസ് വിമുക്തി മിഷന്റെയും നേതൃത്വത്തിൽ സൈക്ലേഴ്സ് തൃശൂരിന്റെ സഹകരണത്തോടെയാണു സ്പോർട്സ് ആണു ലഹരിയെന്ന ലക്ഷ്യത്തിൽ കോസ്റ്റൽ സൈക്ലത്തണ്‍ നടത്തിയത്. പുന്നയൂർക്കുളത്തുനിന്നു രാവിലെ എട്ടിന് ആരംഭിച്ച് വാടാനപ്പിള്ളി, സ്നേഹതീരം, വലപ്പാട്, പെരിഞ്ഞനം, എസ്എൻ പുരം എന്നിവിടങ്ങളിലൂടെ കടന്നുപോയി കോട്ടപ്പുറം മുസിരിസ് പാർക്കിൽ ഉച്ചയ്ക്ക് 2.30ന് അവസാനിച്ചു. അന്പതുപേർക്കൊപ്പം മുഴുവൻ സമയവും കളക്ടർ പങ്കെടുത്തു.
സൈക്ലത്തോണ്‍ സംഘത്തെ പെരിഞ്ഞനത്ത് ഇടി ടൈസൻ എംഎൽഎയും പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസും മറ്റംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
എസ്എൻ പുരത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ, എസ്എൻ സൈക്കിൾ സംഘം എന്നിവർ ചേർന്നു സ്വീകരിച്ചു. കോട്ടപ്പുറം മുസിരിസ് പാർക്കിൽ വി.ആർ. സുനിൽ കുമാർ എംഎൽഎ, കൊടുങ്ങല്ലൂർ മുനിസിപ്പൽ ചെയർപേഴ്സണ്‍ ടി.കെ. ഗീത, കൗണ്‍സിലർമാർ, മുസിരിസ് സൈക്ലേഴ്സ് അംഗങ്ങൾ എന്നിവർ ചേർന്നു സ്വീകരിച്ചു.
തൃശൂർ വിമുക്തി മാനേജർ പി.കെ സതീഷ്, വാടാനപ്പിള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജ്, ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ റിന്റോ, കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഓഫീസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ബാലസുബ്രഹ്മണ്യൻ, കൊടുങ്ങല്ലൂർ ഡെപ്യൂട്ടി തഹസിൽദാർ കെ.എസ്. അജിത, പെരിഞ്ഞനം പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ, തൃശൂർ സൈക്ലേഴ്സ് ക്ലബ് സെക്രട്ടറി ഡാനി വരീദ്, ട്രഷറർ സനോജ് രാജൻ തുടങ്ങിയവർ പങ്കെടുത്തു.