കലോത്സവ പ്രതിഭകൾ തൃശൂരിന്റെ അഭിമാനം: മന്ത്രി കെ. രാജൻ
1538062
Sunday, March 30, 2025 7:27 AM IST
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് തൃശൂരിന്റെ ഹൃദയത്തിലേക്ക് എത്തിച്ച പ്രതിഭകൾ അഭിമാനമാണെന്നു മന്ത്രി കെ. രാജൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കളെ ആദരിക്കുന്ന സുവർണോത്സവം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ കാലത്തെ വിദ്യാർഥികൾ കലാസർഗവാസനയിലൂടെ സാമൂഹ്യപ്രശ്നങ്ങൾക്കു പ്രതിരോധം തീർക്കണം. അപകടകരമായ ലഹരിക്കും മയക്കമരുന്നിനും എതിരേ നമുക്ക് കൂട്ടായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലാപരിശീലനങ്ങൾ വിശാലമാനവികതയാണ് പകർന്നുതരുന്നതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിച്ച മന്ത്രി ഡോ. ആർ. ബിന്ദു റഞ്ഞു. സൗഹൃദമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും സഹജീവിസ്നേഹത്തിൽ വളരാനും കലകൾ കൊണ്ട് സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ടൗണ്ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾക്കുള്ള ഉപഹാരവിതരണവും കലാപരിപാടികളും നടന്നു. വിദ്യാർഥികളുടെ പഞ്ചവാദ്യ അകന്പടിയോടെ ടൗണ്ഹാളിൽനിന്ന് തേക്കിൻകാട് മൈതാനത്തേക്കു ഘോഷയാത്രയും മെഗാ ഫോട്ടോ സെഷനും നടന്നു. പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം പി.എം. അഹമ്മദ്, ജില്ലാ പഞ്ചായത്ത് മെന്പർ പി.കെ. ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു.