കരിങ്ങോൾച്ചിറയിൽ സ്ഥിരംഷട്ടർ സംവിധാനം; ഉപ്പുവെള്ളം കയറ്റത്തിനു പരിഹാരമാകും
1538167
Monday, March 31, 2025 1:15 AM IST
മാള: പുത്തൻചിറ ഗ്രാമപഞ്ചായത്തിലെ കരിങ്ങോൾച്ചിറയിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഉപ്പുവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന തദ്ദേശ അദാലത്തിൽ പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. തുടർന്ന് കരിങ്ങോൾച്ചിറയിൽ സ്ഥിരം ഷട്ടർ സംവിധാനം നിർമിച്ച് ഉപ്പുവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ജില്ലാ പഞ്ചായത്തിനെ ചുമതലപ്പെടുത്തുകയായിരുന്നു.
തൃശൂർ ജില്ല പഞ്ചായത്ത്, വേളൂക്കര, പുത്തൻചിറ, മാള ഗ്രാമപഞ്ചായത്തുകൾ വെള്ളാങ്കല്ലൂർ, മാള ബ്ലോക്ക് പഞ്ചായത്തുകൾ, ഇറിഗേഷൻ ഡിപ്പാർട്ടുമെന്റ് എന്നിവരുടെ സംയുക്ത യോഗം ചേർന്ന് സംയുക്ത പ്രോജക്ടായി നടപ്പിലാക്കാൻ തീരുമാനിച്ചു.
ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ല പഞ്ചായത്ത് 25 ലക്ഷം, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം, മാള ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം, പുത്തൻചിറ ഗ്രാമഞ്ചായത്ത് 25 ലക്ഷം, വേളൂക്കര പഞ്ചായത്ത് 25 ലക്ഷം, മാള ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ ഉൾപ്പെടെ ഒരു കോടി 25 ലക്ഷം രൂപ ചെലവഴിച്ച് കരിങ്ങോൾച്ചിറയിൽ സ്ഥിരംഷട്ടർ സംവിധാനം നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.
പദ്ധതിയുടെ ഡിപിആർ തയാറാക്കുന്നതിനായി തൃശൂർ സർക്കാർ എൻജിനീയറിംഗ് കോളജിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ പണം പുത്തൻച്ചിറ ഗ്രാമപഞ്ചായത്ത് മാറ്റിവച്ചു.
കാലങ്ങളായി കരിങ്ങോൾച്ചിറ മുതൽ വൈക്കലിച്ചിറവരെയുള്ള പ്രദേശത്ത് കൃഷിക്കും കുടിവെള്ളത്തിനുമുള്ള പ്രതിസന്ധി പരിഹരിക്കാനും കാലങ്ങളായി നിലനിൽക്കുന്ന ഉപ്പുവെള്ള ഭീഷിണിക്കു ശാശ്വത പരിഹാരം കണ്ടെത്താൻ ഈ പദ്ധതി പൂർത്തീകരണത്തിലൂടെ കഴിയും.