തൃശൂർ പൂരം പ്രദർശനം: തറവാടകപ്രശ്നം കോടതിനിർദേശം പാലിച്ച് പരിഹരിക്കും- കെ. രവീന്ദ്രൻ
1538058
Sunday, March 30, 2025 7:27 AM IST
തൃശൂർ: പൂരം പ്രദർശനത്തിന്റെ തറവാടകപ്രശ്നം കോടതിനിർദേശം പാലിച്ച് തർക്കത്തിനിടവരാതെ പരിഹരിക്കുമെന്നു കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ.
പൂരം പ്രദർശനത്തിനു സമാന്തരമായി തേക്കിൻകാട് മൈതാനിയിലോ ദേവസ്വം ബോർഡിന്റെ മറ്റു ഭൂമികളിലോ യാതൊരു പ്രദർശനങ്ങളും നടത്തില്ല. തറവാടക സംബന്ധിച്ചു നേരത്തേ മുഖ്യമന്ത്രിയടക്കം പങ്കെടുത്ത ചർച്ചകളിലെ തീരുമാനങ്ങൾ കോടതിയെ അറിയിച്ചിട്ടുണ്ട്. ഉത്സവം എഴുന്നള്ളിപ്പുകൾക്ക് ആനക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്ന് ആനകളെ കൊണ്ടുവരാനുള്ള നിയമത്തിൽ സർക്കാരിനോട് ഇളവ് ആവശ്യപ്പെടും. ദേവസ്വം ബോർഡ് ആസ്തികൾ അന്യാധീനപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തും.
ഒഴിഞ്ഞുകിടക്കുന്ന മുറികൾ ഉപയോഗയോഗ്യമാക്കാൻ നടപടികളുണ്ടാകും. കോടതിവിധികൾ പാലിച്ച് ക്ഷേത്രവിശ്വാസവും ആചാരവും സംരക്ഷിച്ചുകൊണ്ടായിരിക്കും ദേവസ്വം ബോർഡ് പ്രവർത്തനമെന്നും കെ. രവീന്ദ്രൻ പറഞ്ഞു.
പൂരം വെടിക്കെട്ട്: അനുമതി വൈകിപ്പിക്കുന്നതു സുരേഷ് ഗോപിയുടെ താല്പര്യമോ- അഡ്വ. ജോസഫ് ടാജറ്റ്
തൃശൂർ: പൂരം വെടിക്കെട്ട് ജനങ്ങൾ ഗംഭീരമായി നടത്തുമെന്നു പറഞ്ഞൊഴിയാതെ വെടിക്കെട്ടിന് എങ്ങനെയാണ് അനുമതി ലഭിക്കുക എന്നു സുരേഷ്ഗോപി എംപി വ്യക്തമാക്കണമെന്നു ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. വിശ്വാസികളും പൂരപ്രേമികളും കടുത്ത ആശങ്കയിലാണ്. വ്യക്തിപരമായ നേട്ടത്തിനുള്ള അടുത്ത നാടകമാണോ ഇതെന്നും വെടക്കാക്കി തനിക്കാക്കലാണോ ഇതിനു പിന്നിലെന്നും അദ്ദേഹം ചോദിച്ചു.
പുറ്റിങ്ങൽ അപകടത്തെത്തുടർന്ന് ഭേദഗതിചെയ്ത പെസോ നിയമങ്ങൾ തൃശൂരിൽ പ്രാവർത്തികമാക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. ശാസ്ത്രീയമായ അടിസ്ഥാനമില്ലാത്ത ഇത്തരം നിർദേശങ്ങൾ പിൻവലിക്കാൻ ഏറെ സമയമുണ്ടായിരുന്നിട്ടും പൂരം വിളിപ്പാടകലെ എത്തിയപ്പോൾ വ്യക്തതയില്ലാതെ മറുപടിപറയുന്നതു ശരിയല്ല. വെടിക്കെട്ടുവിവാദം തരികടപരിപാടിയെന്നു പറഞ്ഞതു തൃശൂരിലെ ജനങ്ങളെ അപമാനിക്കുന്നതാണ്.
പൂരം വെടിക്കെട്ടിനു കേന്ദ്രത്തിനു കത്തുനൽകാൻ മാർച്ച് പകുതിവരെ കാത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആത്മാർഥതയിലും സംശയമുണ്ട്.
ആനയെഴുന്നള്ളിപ്പും എക്സിബിഷൻ തറവാടകയും വഴി സംസ്ഥാനസർക്കാരും വെടിക്കെട്ട് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരും ഒറ്റക്കെട്ടായി ദേവസ്വങ്ങളെ സമ്മർദത്തിലാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.