ലോകോത്തരനിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുക ലക്ഷ്യം: മന്ത്രി ബിന്ദു
1537496
Saturday, March 29, 2025 1:22 AM IST
തൃശൂർ: കേരളത്തിലെ എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളും ലോകനിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിനായി സജ്ജമായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. കോർപറേഷൻ ജനറൽ ആശുപത്രിയിൽ വിവിധ ആരോഗ്യപദ്ധതികളുടെ ഉദ്ഘാടനവും ഓട്ടോമാറ്റിക് ബ്ലഡ് അനലൈസർ മെഷീന്റെ സമർപ്പണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
എച്ച്എംസി ഫണ്ട് ഉപയോഗിച്ച് സജ്ജമാക്കിയ നാല് ഡയാലിസിസ് മെഷീന്റെയും റോട്ടറി ക്ലബ് സ്പോണ്സർ ചെയ്ത രണ്ട് ഡയാലിസിസ് മെഷീന്റെയും സമർപ്പണം പി. ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. കല്യാണ്‍ സിൽക്സിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി റോട്ടറി ക്ലബ് സ്പോണ്സർ ചെയ്ത അൾട്രാ സൗണ്ട് സ്കാനിംഗ് മെഷീന്റെ സമർപ്പണം ഡെപ്യൂട്ടി മേയർ എം.എൽ. റോസി നിർവഹിച്ചു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി ഒപി രോഗികൾക്കു നൽകിയ എയർപോർട്ട് ചെയറുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.പി. ശ്രീദേവി ബാങ്ക് പ്രതിനിധികളിൽനിന്ന് ഏറ്റുവാങ്ങി. കനറാ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തി ഒപിയിലും ഫാർമസിയിലും നടപ്പിലാക്കിയ ടോക്കണ്‍ സിസ്റ്റത്തിന്റെ സ്വിച്ച് ഓണ്‍ കർമം ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കൽ നിർവഹിച്ചു.
മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇൻ ചാർജ് രാജശ്രീ ഗോപൻ, ഡിവിഷൻ കൗണ്‍സിലർ റെജി ജോയ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ഹെൽത്ത് സൂപ്പർവൈസർ ഹനീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.