േദശീയപാത വികസനം: എംഎൽഎയും പ്രോജക്ട് ഡയറക്ടറും കൊരട്ടിയിലെത്തി
1537208
Friday, March 28, 2025 1:49 AM IST
കൊരട്ടി: റെയിൽവേ മേൽപ്പാലത്തിൽനിന്നു ദേശീയപാതയിലേയ്ക്ക് പ്രവേശിക്കുന്നതിനിടയിൽ പുതുതായി നിർമിച്ച കാന തകർന്നതിനെ തുടർന്ന് പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിൽ സനീഷ്കുമാർ ജോസഫ് എംഎൽഎയും നാഷണൽ ഹൈവേ അഥോറിറ്റി പ്രോജക്ട്ട് ഡയറക്ടർ അൻസിൽ ഹസനും കൊരട്ടിയിലെത്തി.
കൊരട്ടിയിലും ചിറങ്ങരയിലും നടക്കുന്ന നിർമാണ പ്രവൃത്തികളിലെ പോരായ്മകൾ നാട്ടുകാർ എണ്ണിയെണ്ണി പറഞ്ഞു. കൊരട്ടി ജംഗ്ഷനിൽ ഇപ്പോൾ നടക്കുന്ന മുഴുവൻ പണികളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. ഐഐടി/എൻഐടിയിൽനിന്നു ഒരാഴ്ചക്കുള്ളിൽ വിദഗ്ധ സംഘമെത്തി കൊരട്ടി മേഖലയിൽ നിർമിച്ച കാനകളുടെ ഗുണനിലവാരം പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയിൽ വീഴ്ച ബോധ്യപ്പെട്ടാൽ കാനകൾ പൊളിച്ചുമാറ്റിയതിനുശേഷം അവരുടെ നിർദേശപ്രകാരം ഭേദഗതികളോടെ പുതിയ മാതൃകയിൽ ഡ്രെയ്നേജ് നിർമിക്കും. ചിറങ്ങര ഭാഗത്ത് വാഹനങ്ങൾ കയറി സ്ലാബുകൾ തകർന്ന സംഭവത്തിൽ നിർമാണത്തിലെ ഗുണനിലവാരവും പരിശോധിക്കും.
റെയിൽവേ മേൽപ്പാലം ഇറങ്ങിവരുന്ന ഭാഗത്ത് കാനനിർമിക്കാനായി കുഴിയെടുത്ത ഭാഗം മണ്ണിട്ടുമൂടി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ഇന്നലെ വൈകീട്ടോടെ നടപ്പാക്കി. വിദഗ്ധസംഘം നിർദ്ദേശിക്കുന്ന ഡിസൈനിൽ മാത്രമായിക്കും ഇവിടെ പിന്നീട് കാന നിർമിക്കുക. അടുത്ത മാസം 15നുള്ളിൽ ബദൽ റോഡുകളുടെ നിർമാണം പൂർത്തീകരിക്കുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്. ഇതിനായി കൂടുതൽ തൊഴിലാളികളെ വിന്യസിക്കും. ബദൽ റോഡിന്റെ നിർമാണം യാഥാർഥ്യമാകാതെ പാലം പണിയുമായി ബന്ധപ്പെട്ട് പ്രധാനപാത പൊളിച്ച് കൊരട്ടിയിൽ ഒരു നിർമാണ പ്രവൃത്തികളും ഉണ്ടാകില്ലെന്ന് പ്രോജക്ട് ഡയറക്ടർ പറഞ്ഞു.
കരാറിൽ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ തന്നിഷ്ടങ്ങളാണ് കരാർ കമ്പനി നടപ്പിലാക്കുന്നതെന്ന് ആക്ഷേപമുയർന്നു. കൂടാതെ ആഴ്ചകളായി മുരിങ്ങൂർ മുതൽ പൊങ്ങം വരെ തുടരുന്ന ഗതാഗതക്കുരുക്കിന്റെ മൂലകാരണം നാഷണൽ ഹൈവേ അഥോറിറ്റിയുടെ അനാസ്ഥയാണെന്നും പഞ്ചായത്തും പോലീസുമായുള്ള ഏകോപനത്തിൽവന്ന വീഴ്ചയ്ക്ക് പരിഹാരം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഗതാഗത ക്രമീകരണത്തിൽ കൂടിയാലോചന ഉണ്ടാകുമെന്നും തുടർന്നുള്ള നിർമാണ പ്രവർത്തനങ്ങളുടെ സമയക്രമങ്ങൾ ഗ്രാമപഞ്ചായത്തിനെയും പോലീസിനെയും മുൻകൂട്ടി അറിയിക്കുമെന്നും പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രോജക്ട് ഡയറക്ടർ പറഞ്ഞു. ജൂൺ മാസത്തോടെ കാനകളുടെ നിർമാണം കുറ്റമറ്റതാക്കുമെന്നാണ് അധികൃതരുടെ മറ്റൊരു ഉറപ്പ്. എന്നാൽ വിവിധയിടങ്ങളിൽനിന്ന് കൊരട്ടി ജംഗ്ഷനിലെത്തുന്ന മഴവെളളം ഒഴുക്കിക്കളയാൻ നിലവിലെ സംവിധാനം പര്യാപ്തമാവില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. കൂടാതെ നിർമാണംനടക്കുന്ന ഭാഗത്ത് തടസമായി നിൽക്കുന്ന വൈദ്യുതിക്കാലുകൾ മാറ്റിസ്ഥാപിക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
സനീഷ്കുമാർ ജോസഫ് എംഎൽഎയ്ക്കും പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസനും പുറമെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. സുമേഷ്, വർഗീസ് തച്ചുപറമ്പൻ, പി.ജി. സത്യപാലൻ,ലിജോ ജോസ്, വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്കറിയ, ജെയ്നി ജോഷി, പൊതുപ്രവർത്തകരായ സജീവ് പള്ളത്ത്, പി.ബി. രാജു, ഡെന്നി വെളിയത്ത്, ഒ.ജെ. ഫ്രാൻസിസ് തുടങ്ങിയവരും ഉണ്ടായിരുന്നു.