വന്യജീവി ആക്രമണം തടയാൻ നടപടിയാകുന്നു
1537199
Friday, March 28, 2025 1:49 AM IST
പുതുക്കാട്: മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലായി ആവർത്തിക്കുന്ന വന്യജീവി - മനുഷ്യ സംഘർഷങ്ങൾ തടയാൻ നടപടിയാകുന്നു. വന്യജീവികൾ കാടിനു പുറത്തുവരുന്നത് തടയാൻ വനാതിർത്തിയിൽ ഹാംഗിംഗ് സോളാർ വേലിയും മഴക്കുഴികളും നിർമിക്കും. എംഎൽഎ ഫണ്ട് ഉപയോഗിച്ച് അഞ്ചിടത്ത് നിരീക്ഷണ കാമറകളും സ്ഥാപിക്കും. ഇതിനായി നബാർഡിന്റെ ധനസഹായത്തോടെ വിശദമായ എസ്റ്റിമേറ്റ് ഉടൻ സമർപ്പിക്കും.
നിർവഹണ ഏജൻസിയെ നിശ്ചയിച്ചുകഴിഞ്ഞതായി കെ.കെ. രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. 18ന് തിരുവനന്തപുരത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയുടെ തുടർ നടപടിയായി ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
പഞ്ചായത്ത് പ്രദേശങ്ങളിൽ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി മഴക്കുഴികൾ നിർമിക്കും. ഇതിനായി അഡീഷണൽ ആക്ഷൻ പ്ലാൻ തയാറാക്കി ഉടൻ സമർപ്പിക്കും. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ വനാന്തർഭാഗങ്ങളിൽ പുതിയ കുളങ്ങൾ കുഴിക്കുന്നതിനും നേരത്തേ ഉണ്ടായിരുന്ന കുളങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിനും ആവശ്യമായ ഇടങ്ങളിൽ വെള്ളം തടഞ്ഞുനിർത്തി സംഭരിക്കുന്നതിനുമുള്ള നടപടികൾ ഉണ്ടാകും. അനുവദനീയമായ വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. മേഖലയിൽ തോട്ടം കമ്പനികളുടെ സഹായത്താേടെ നിർമാണങ്ങൾ നടത്തും. കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് മേൽനോട്ട ചുമതല.
തുടർനടപടികൾ സംബന്ധിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്നു.
എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.എം. ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ കലാപ്രിയ സുരേഷ്, അശ്വതി വിബി, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സദാശിവൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.സി. ജിനീഷ്, ചാലക്കുടി ഡിഎഫ്ഒ ആർ. വെങ്കിടേശ്വർ, പാലപ്പിള്ളി- വെള്ളികുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസർമാർ, വനംവകുപ്പ്, പ്ലാന്റേഷൻ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.