കൊരട്ടി പെരുമ്പിയിൽ 10 അടി താഴ്ചയിലേക്ക് വാൻ മറിഞ്ഞു; ഏഴുപേർക്കു പരിക്ക്
1516512
Saturday, February 22, 2025 12:49 AM IST
കൊരട്ടി: അപകടത്തുരുത്തായി മാറിയ ദേശീയപാത കൊരട്ടി പെരുമ്പിയിൽ നിയന്ത്രണംവിട്ട വാൻ പത്തടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞ് മൂന്നു ഇതര സംസ്ഥാന തൊഴിലാളികളടക്കം ഏഴുപേർക്കു പരിക്ക്. പരിക്കേറ്റവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യസഹായം നൽകി. ആരുടെയും പരിക്ക് ഗുരുതമല്ല.
ഇന്നലെ രാവിലെ ഏഴോടെ യായിരുന്നു സംഭവം. ശുചീകരണ തൊഴിലാളികളുമായി എറണാകുളത്തുനിന്നും തൃശൂർ ഭാഗത്തേക്കു പോകുകയായിരുന്ന വാഹനമായിരുന്നു അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പാതയോരത്തെ ആറു സംരക്ഷണക്കുറ്റികൾ തകർത്താണ് വാൻ താഴ്ചയിലേക്കു മറിഞ്ഞത്.
തലകീഴായി മറിഞ്ഞ വാഹനത്തിനു സാരമായ കേടുപാടു സംഭവിച്ചിട്ടുണ്ട്. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടമേഖലയായി മാറിയ പെരുമ്പി ഒരു വർഷത്തിടെ ഇരുപതിലേറെ വാഹനാപകടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.