കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
1515727
Wednesday, February 19, 2025 7:07 AM IST
ചാവക്കാട്: ആഴക്കടലില്‍ എന്ജിന് നിലച്ച് കുടുങ്ങിയ തമിഴ്നാട്ടില്‍നിന്നുള്ള മീന്‍പിടിത്ത ബോട്ടും അതിലുണ്ടായിരുന്ന മൂന്ന് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്സ്മെന്റ് റസ്ക്യു സംഘം രക്ഷപ്പെടുത്തി.
തുത്തുക്കുടിയില്നിന്നു നാലാഴ്ച മുന്‍പ് മൂന്ന് മത്സ്യതൊഴിലാളികളുമായി അറബിക്കടലില്‍ എത്തിയ ശെല്വഅഭിഷേക് എന്ന ബോട്ടാണ് എന്ജിന് പ്രവര്ത്തനംനിലച്ച് കടലില്‍ കുടുങ്ങിയത്. തൂത്തുക്കുടി തരുവായ്കുളം മംഗളരാജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ചേറ്റുവ അഴിമുഖത്തിന് വടക്ക്-പടിഞ്ഞാറ് 18 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. രാവിലെ ഒമ്പതോടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശംലഭിച്ചത്.
തുടര്‍ന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.സി. സീമയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് വിജിലന്‍സ് വിംഗ് ഓഫീസര്‍മാരായ വി.എം. ഷൈബു, വി.എന്‍. പ്രശാന്ത്കുമാര്‍, ഇ.ആര്. ഷിനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കരയിൽ എത്തിച്ചത്.