വ്യാജ സീലും വ്യാജരേഖയും ഉണ്ടാക്കിയവർക്ക് എതിരേ എൽത്തുരുത്തിൽ പ്രതിഷേധ റാലി
1515857
Thursday, February 20, 2025 1:45 AM IST
എൽത്തുരുത്ത്: സെന്റ് മേരീസ് ഇടവകയുടെ പേരിൽ വ്യാജ സീൽ ഉപയോഗിച്ച് വ്യാജരേഖകളുണ്ടാക്കി കോടതികളെയും സിവിൽ അധികാരികളെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരേ ഇടവകാംഗങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഇടവക പള്ളിയിൽനിന്നും ആരംഭിച്ച പ്രതിഷേധ റാലി എൽത്തുരുത്ത് കപ്പേള പരിസരത്തു സമാപിച്ചു.
ഇടവകവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തൃശൂർ അതിരൂപതാധ്യക്ഷൻ പുറത്താക്കിയ മുൻ കൈക്കാരന്മാരും മുൻ പ്രതിനിധിയോഗ സെക്രട്ടറിയും ഒരു മുതിർന്ന ഇടവകാംഗവും ഇടവകയുടെ വ്യാജ സീലും വ്യാജരേഖകളും നിർമിച്ചെന്നാണ് ആക്ഷേപം. കുറ്റക്കാരായ ഈ സംഘത്തിനെതിരേ കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടവകാംഗങ്ങൾ ഒപ്പുശേഖരണവും നടത്തി. ഇടവകയോഗം ചേർന്നതായി വ്യാജരേഖയുണ്ടാക്കി അതിലെ തീരുമാനങ്ങളെന്ന പേരിൽ വ്യാജ സീൽ ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തുകയാണ് ചെയ്തത്.
ഹൈക്കോടതിയിൽ ഉൾപ്പടെ സമർപ്പിച്ച ഈ വ്യാജരേഖകൾ പുറത്തായതോടെയാണ് ഇടവകജനങ്ങൾ കടുത്ത പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.
പ്രതിഷേധയോഗത്തിൽ എൽത്തുരുത്ത് ഇടവകവികാരി ഫാ. ജോയ് കൂത്തൂർ അധ്യക്ഷത വഹിച്ചു. അതിരൂപത പാസ്റ്ററൽ കൗണ്‍സിൽ മുൻ സെക്രട്ടറി പി.ഐ. ലാസർ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് വികാരി ഫാ. സെബി വെളിയത്ത്, കൈക്കാരന്മാരായ വി.ജെ. ടൈറ്റസ്, ബി.ഐ. ജസ്റ്റിൻ, സി.ജെ. ഡേവിസ് എന്നിവർ പങ്കെടുത്തു.