സഹൃദയയില്‍ അന്താരാഷ്ട്ര മാതൃഭാഷാദിനാഘോഷം
1515861
Thursday, February 20, 2025 1:45 AM IST
കൊടകര: മാതൃഭാഷ എന്നതു സംസ്കാരത്തിന്റെ പ്രതീകമാണെന്ന് എഴുത്തുകാരന് ടി.ഡി. രാമകൃഷ്ണന്. കൊടകര സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മാതൃഭാഷാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് എവിടെ ചെന്നാലും അഭിമാനത്തോടുകൂടി തലയുയര്‍ത്തി നിന്ന് മലയാളിയാണെന്ന് പറയാന്‍ നമുക്കു സാധിക്കണം. സാങ്കേതികവികാസം ഭാഷാവളര്ച്ചയെ സഹായിക്കുന്നുണ്ടെന്നും ടി.ഡി.രാമകൃഷ്ണന് പറഞ്ഞു.
സഹൃദയ കോളജിലെ ഐക്യുഎസിയുടെയും മലയാളം, വെസ്റ്റേണ്‍ - ഈസ്റ്റേണ്‍ ലാംഗ്വേജ് വിഭാഗങ്ങളുടെയും സര്‍വമംഗള അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് മൂന്നുദിവസത്ത പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ഡേവിസ് ചെങ്ങിനിയാടന്‍, പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ഡീന്‍ ഓഫ് ആര്‍ട്സ് പ്രഫ. ഡോ. സനില്‍രാജ്, മലയാളവിഭാഗം അധ്യക്ഷ ഡോ. സ്വപ്ന. സി. കോമ്പാത്ത്, ടി.വി. ആരാധിക, ശ്രീജ നടുവം, ആഷിഷ് പുറക്കാട്ട്, ജിനേഷ് ആര്ത്ര എന്നിവര്‍ പങ്കെടുത്തു.