സംയുക്ത പരിശോധന നടത്തി; സെന്റർലൈൻ വരച്ച് അളവെടുത്തു
1516506
Saturday, February 22, 2025 12:49 AM IST
ഒല്ലൂർ: ഒല്ലൂർ ജംഗഷൻ വികസനവുമായി ബന്ധപ്പെട്ട് സംയുക്ത പരിശോധന നടത്തി. റവന്യൂ, കെആർഎഫ്ബി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും വ്യാപാരി പ്രതിനിധികളുടെയും നേതൃത്വത്തിലാണ് സംയുക്തപരിശോധന നടന്നത്.
റോഡിൽ സെന്റർലൈൻ വരച്ചായിരുന്നു അളവെടുപ്പ് നടന്നത്. നേരത്തേ നടന്ന അളവുകളിൽ വ്യത്യാസമില്ലെന്ന് സ്പെഷൽ തഹസിൽദാർ ബിന്ദു പറഞ്ഞു. ജനപ്രതിനിധികളുടേയും വ്യാപാരികളുടെയും സ്ഥലം നഷ്ടപ്പെടുന്നവരുടെയും സംശയങ്ങൾ ദുരീകരിച്ചു. സ്കെച്ചും കാണിച്ചുകൊടുത്തു. കഴിഞ്ഞദിവസം മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് സംയുക്തപരിശോധന നടന്നത്.
സംസ്ഥാനത്തെ മുൻഗണനാപദ്ധതികളിൽ ഒന്നായ ഒല്ലൂർ ജംഗ്ഷൻ വികസനത്തിനായി 0.9318 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക. ഇതിനായി 55.17 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി ഒല്ലൂർ ജംഗ്ഷനിൽ നിന്ന് തൃശൂർ ഭാഗത്തേക്കുള്ള റോഡ് 21 മീറ്റർ വീതിയിൽ 270 മീറ്റർ നീളത്തിലും, തലോർ ഭാഗത്തേക്ക് 21 മീറ്റർ വീതിയിൽ 270 മീറ്റർ നീളത്തിലും, നടത്തറ ഭാഗത്തേക്കുള്ള റോഡ് 21 മീറ്റർ വീതിയിൽ 375 മീറ്റർ നീളത്തിലും, ചേർപ്പ് ഭാഗത്തേക്കുള്ള റോഡ് 18.50 മീറ്റർ വിതീയിൽ 177 മീറ്റർ നീളത്തിലും, നടത്തറ റോഡിൽ നിന്ന് എടക്കുന്നി ദേവിക്ഷേത്രം വഴി തലോർ റോഡിൽ ചേരുന്ന റോഡ് 12 മീറ്റർ വീതിയിൽ 306 മീറ്റർ നീളത്തിലുമാണ് വികസിപ്പിക്കുന്നത്. റോഡിനോടൊപ്പം മൂന്നു ബസ്വേ കൂടി നിർമിക്കും. ഇതിനുള്ള സ്ഥലംകൂടിയാണ് ഏറ്റെടുക്കൽ നടപടികളിലൂടെ നടപ്പിലാക്കുക.
കിഫ്ബി അനുവദിച്ച തുക കൂടാതെ മുൻവർഷത്തെ ബജറ്റ് വിഹിതമായ അഞ്ചുകോടി രൂപയും ഇതിനായി ഉപയോഗിക്കും.
നാലുവരിപ്പാത
ഹെൽത്ത് സെന്റർവരെ
നീട്ടണം
ഒല്ലൂർ: ഒല്ലൂർ ജംഗ്ഷൻ വികസനത്തിൽ തൃശൂർ റോഡിലേക്കുള്ള നാലുവരിപ്പാത ഹെൽത്ത് സെന്റർവരെ നീട്ടണമെന്ന് ആവശ്യം. ഒല്ലൂർ ജംഗ്ഷനിൽ വാഹനതടസം ഉണ്ടാകുന്പോൾ അവ കൂടുതൽ ബാധിക്കുന്നതു തൃശൂർ റോഡിലാണ്. വാഹനങ്ങളുടെ നീണ്ട നിര പലപ്പോഴും പനംകുറ്റിച്ചിറ കുളംവരെ നീണ്ടുപോകാറുണ്ട്.
വികസനം വന്നാലും ജംഗ്ഷനിൽ സിഗ്നൽ സംവിധാനത്തിലൂടെ മാത്രമേ വാഹനങ്ങൾക്കു കടന്നുപോകാൻ പറ്റുകയുള്ളൂ. ഇപ്പോഴത്തെ പ്ലാൻപ്രകാരം തൃശൂർ റോഡിൽ 270 മീറ്റർ ദൂരംമാത്രമേ നാലുവരിപ്പാത വരുന്നുള്ളൂ. ഈ റോഡിലൂടെയുള്ള വാഹനത്തിരക്ക് കുറയണമെങ്കിൽ 350 മീറ്റർ ദൂരത്തിൽ ഹെൽത്ത് സെന്റർവരെയെങ്കിലും നാലുവരിപ്പാത നീട്ടണമെന്ന് മുൻ പഞ്ചായത്ത് മെന്പർ ആന്റണി എറുങ്കാരൻ ആവശ്യപ്പെട്ടു.