അധ്യാപികയുടെ മരണം: പ്രതിഷേധ ധർണ നടത്തി
1516162
Friday, February 21, 2025 1:19 AM IST
ചാലക്കുടി: പൊതുവിദ്യാഭ്യാസവകുപ്പിന്റെ അനാസ്ഥമൂലം ആയിരക്കണക്കിന് അധ്യാപകരാണ് നിയമനം ലഭിക്കാതെയും ശമ്പളമില്ലാതെയും കേരളത്തിൽ ജോലിയെടുക്കന്നതെന്ന് സനീഷ്കുമാർ ജോസഫ് എംഎൽഎ പറഞ്ഞു. ആറു വർഷമായി ശമ്പളം ലഭിക്കാതെ ഒരു അധ്യാപിക ആത്മഹത്യചെയ്തതിന്റെ പരിപൂർണ ഉത്തരവാദിത്വം കേരള സർക്കാരിനാണെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ചാലക്കുടി സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എഇഒ ഓഫീസിനുമുന്നിൽ നടത്തിയ അധ്യാപകരുടെ പ്രതിഷേധ ധർണ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സബ് ജില്ല പ്രസിഡന്റ് കെ.എം. റാഫി അധ്യക്ഷനായിരുന്നു. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് സാജു ജോർജ് മുഖ്യപ്രഭാഷണംനടത്തി. വിദ്യാഭ്യാസജില്ല പ്രസിഡന്റ് പ്രവീൺ എം.കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആന്റോ പി.തട്ടിൽ, പി.എക്സ്. മോളി, എം.വി. മിനിമോൾ, ആൻമേരി ജെ.നരികുളം എന്നിവർ പ്രസംഗിച്ചു.
കൊടുങ്ങല്ലൂർ: ആറുവർഷമായി നിയമനാംഗീകാരം ലഭിക്കാതിരുന്നതുമൂലം ജീവനൊടുക്കേണ്ടിവന്ന അധ്യാപിക അലിന ബെന്നിക്ക് ആദരാഞ്ജലികൾ അർപ്പിച്ചും അധ്യാപകരുടെ നിയമനാംഗീകാരം വൈകിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊടുങ്ങല്ലൂർ ഉപജില്ലാ കമ്മിറ്റി ഉപജില്ലാ വിദ്യഭ്യാസ ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.
ഉപജില്ലാ പ്രസിഡന്റ് കെ.എക്സ്. ജിൽസൺ അധ്യക്ഷതവഹിച്ചു. കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇ.എസ്. സാബു ഉദ്ഘാടനംചെയ്തു. കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി.ജെ. ദാമു മുഖ്യപ്രഭാഷണംനടത്തി.