അവഗണനയിൽ മനംമടുത്തു; സ്വകാര്യ ബസുടമകൾ പ്രക്ഷോഭത്തിലേക്ക്
1515725
Wednesday, February 19, 2025 7:07 AM IST
തൃശൂർ: വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, പെർമിറ്റുകൾ പുതുക്കിനൽകുക തുടങ്ങി സ്വകാര്യബസുടമകളുടെ ദീർഘകാലമായുള്ള ആവശ്യങ്ങളെ അവഗണിക്കുന്ന സർക്കാർ നടപടിക്കെതിരേ സ്വകാര്യബസുടമകൾ പ്രതിഷേധസമരം നടത്തും.
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ, ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ മധ്യമേഖലയിലെ ബസുടമകൾ നാളെ വൈകിട്ട് അഞ്ചിന് ഇഎംഎസ് സ്ക്വയറിലാണ് പ്രതിഷേധസംഗമം സംഘടിപ്പിച്ചിരിക്കുന്നത്. പി. ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഇ ചലാൻമൂലം ബസ് ഉടമകൾക്കുണ്ടാകുന്ന സാന്പത്തികനഷ്ടം പരിഹരിക്കുക, സ്വകാര്യബസുകളുടെ 140 കിലോമീറ്ററിനു മുകളിലുള്ള പെർമിറ്റുകൾ പുതുക്കിനൽകുക, പിസിസി പോലുള്ള നടപടികൾ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. വിഷയത്തിൽ അനുകൂലനിലപാട് സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാലസമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ മധ്യമേഖലാ സ്വാഗതസംഘം ചെയർമാൻ എം.എസ്. പ്രേംകുമാർ, കണ്‍വീനർമാരായ കെ. സത്യൻ, കെ.എം.സിറാജ്, കമ്മിറ്റി മെന്പർ ജോബി മാത്യു എന്നിവർ പങ്കെടുത്തു.