അവകാശങ്ങൾ സംരക്ഷിക്കണം; പോലീസ് പെൻഷനേഴ്സിന്റെ മാർച്ച് നാളെ
1515722
Wednesday, February 19, 2025 7:07 AM IST
തൃശൂർ: പോലീസ് പെൻഷൻകാരോടുള്ള സംസ്ഥാനസർക്കാരിന്റെ അവഗണനയ്ക്കെതിരേ കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ രംഗത്ത്. പരിശീലനകാലയളവ് സർവീസായി പരിഗണിച്ചുള്ള ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കണമെന്നും 19 ശതമാനം ക്ഷാമബത്തകുടിശിക അനുവദിക്കണമെന്നുമാണ് ആവശ്യം.
പുതിയ ശന്പള - പെൻഷൻ പരിഷ്കരണ കമ്മീഷനെ നിയമിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിച്ച് കുറ്റമറ്റരീതിയിൽ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 10.30 ന് കളക്ടറേറ്റിലേക്ക് അസോസിയേഷൻ മാർച്ചും ധർണയും നടത്തും. സെറ്റോ മുൻ സംസ്ഥാനചെയർമാൻ എൻ.കെ. ബെന്നി ഉദ്ഘാടനം ചെയ്യും.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ വർഷങ്ങളായുള്ള ആവശ്യങ്ങൾ അവഗണിക്കുന്ന സർക്കാർ, പതിനൊന്നായിരത്തിലധികം അംഗങ്ങൾ ഒപ്പിട്ട ഭീമഹർജിയും കണ്ടില്ലെന്നുനടിക്കുകയാണെന്നു നേതാക്കൾ ആരോപിച്ചു.
പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് കെ.എം. ആന്റണി, സെക്രട്ടറി ജോസ് പീറ്റർ, സി.എസ്. ഗോപാലകൃഷ്ണൻ, കോ ഓർഡിനേറ്റർ പി.എസ്. മുസ്തഫ എന്നിവർ പങ്കെടുത്തു.