നികുതിക്കൊള്ള ധൂർത്തിന്: ടി.എൻ. പ്രതാപൻ
1515821
Thursday, February 20, 2025 1:45 AM IST
തൃശൂർ: പിണറായി സർക്കാർ ബജറ്റിലൂടെ തുടർച്ചയായി നടത്തിവരുന്ന നികുതിക്കൊള്ള അധികാര ധൂർത്തിനാണെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ. ഇത്രയേറെ നികുതി പിരിച്ചെടുത്തിട്ടും ക്ഷേമപ്രവർത്തനത്തിനും വികസനപ്രവർത്തനങ്ങൾക്കും ഫണ്ടില്ലെന്നു പറയുന്നതു സർക്കാരിന്റെ പിടിപ്പുകേടാണ്. വിവിധ വകുപ്പുകളിലെ കുടിശിക പിരിച്ചെടുത്താൽ തീരാവുന്ന പ്രശ്നങ്ങൾക്കാണു ജനങ്ങളിൽനിന്ന് അധികനികുതി ഈടാക്കുന്നതെന്നും പ്രതാപൻ പറഞ്ഞു.
സംസ്ഥാനബജറ്റിലെ ജനദ്രോഹനയങ്ങൾക്കും ഭൂനികുതി 50 ശതമാനം വർധിപ്പിച്ചതിനുമെതിരേ കെപിസിസിയുടെ ആഹ്വാനപ്രകാരം സംസ്ഥാനതലത്തിൽ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്ന വില്ലേജ് ഓഫീസ് പ്രതിഷേധധർണയുടെ ജില്ലാതല ഉദ്ഘാടനം അരണാട്ടുകര - പുല്ലഴി വില്ലേജ് ഓഫീസിനുമുന്നിൽ നിർവഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, നേതാക്കളായ എ. പ്രസാദ്, സുനിൽ അന്തിക്കാട്, കെ.കെ. കൊച്ചുമുഹമ്മദ്, വിൻസന്റ് കാട്ടൂക്കാരൻ, എം.എസ്. ശിവരാമകൃഷ്ണൻ, ഫ്രാൻസിസ് ചാലിശേരി, കെ. രാമനാഥൻ, കെ. സുമേഷ്, കൗണ്‍സിലർമാരായ ശ്രീലാൽ ശ്രീധർ, ലാലി ജെയിംസ്, സുനിത വിനു, മേഫി ഡെൽസൻ തുടങ്ങിയവർ പ്രസംഗിച്ചു.
നടത്തറയിൽ വി.എം. സുധീരൻ, ചാവക്കാട്ട് ഒ.അബ്ദുറഹ്മാൻകുട്ടി, കല്ലൂരിൽ എം.പി. വിൻസെന്റ്, ചേർപ്പിൽ ടി.വി. ചന്ദ്രമോഹൻ, കൊന്പൊടിഞ്ഞാമാക്കലിൽ എം.പി. ജാക്സണ്, പുഴയ്ക്കലിൽ അനിൽ അക്കര, തൃശൂരിൽ ജോണ്‍ ഡാനിയൽ, കടവല്ലൂരിൽ ജോസഫ് ചാലിശേരി, പീച്ചിയിൽ രാജേന്ദ്രൻ അരങ്ങത്ത്, ചൂണ്ടലിൽ സി.സി. ശ്രീകുമാർ എന്നിവർ വിവിധ വില്ലേജ് ഓഫീസുകൾക്കു മുന്നിലെ ധർണയ്ക്കു നേതൃത്വം നൽകി.