സോഷ്യൽ മീഡിയ ചർച്ച സജീവം; കൂട്ടത്തിൽ ഒരമ്മയുടെ രോദനവും
1516140
Friday, February 21, 2025 1:19 AM IST
സ്വന്തം ലേഖകൻ
തൃശൂർ: മസ്തകത്തിൽ പരിക്കേറ്റ് അതിരപ്പിള്ളിയിൽ അലഞ്ഞിരുന്ന കൊമ്പനെ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം മയക്കുവെടിവച്ചപ്പോൾ കൊമ്പന്റെ കൂടെയുണ്ടായിരുന്ന ഏഴാറ്റുമുഖം ഗണപതി എന്നുവിളിക്കുന്ന കൊന്പൻ വെടിയേറ്റ കൊമ്പനെ ചേർത്തുപിടിക്കുകയായിരുന്നോ അതോ തട്ടിയിടുകയായിരുന്നോ എന്ന ചർച്ച സോഷ്യൽ മീഡിയയിൽ സജീവം.
മയക്കുവെടിയേറ്റ കൊമ്പനെ കൂടെയുള്ള ഗണപതി ചേർത്തുപിടിക്കുന്നതുപോലെയാണ് കാട്ടിൽനിന്നുള്ള ചില ദൃശ്യങ്ങളിൽ കാണുന്നതെങ്കിലും വെടിയേറ്റ കൊമ്പനെ ഗണപതി തട്ടിയിടുകയായിരുന്നു എന്നാണ് ആനയെ മയക്കുവെടിവച്ച ഡോ. അരുൺ സക്കറിയ പറഞ്ഞത്. എന്നാൽ, ഡോക്ടറുടെ വാദത്തെ എതിർത്തുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ കമന്റുകളുമായി രംഗത്തുവന്നു. അരുൺ സക്കറിയയ്ക്കെതിരേ രൂക്ഷവിമർശനവും സൈബറിടത്തിൽ ഉയർന്നിട്ടുണ്ട്.
മിണ്ടാപ്രാണികളുടെ സ്നേഹവും കൂട്ടായ്മയും മൃഗചികിത്സകന് അറിയില്ലെന്നും കൂട്ടാനയ്ക്ക് അപകടം സംഭവിച്ചു എന്നു ദൂരെനിന്നു മണത്തറിയാനുള്ള കഴിവ് ഒപ്പമുള്ള ആനയ്ക്കുണ്ടെന്നും ഡോ. അരുൺ സക്കറിയയ്ക്കുള്ള മറുപടിയായി സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.
എന്നാൽ, വെടിയേറ്റ കൊമ്പനെ ഗണപതി തട്ടിയിടുകയായിരുന്നു എന്നുതന്നെയാണ് ഡോക്ടർ തറപ്പിച്ചുപറഞ്ഞു. അല്ലാതെ സ്നേഹംകൊണ്ടു ചേർത്തുപിടിച്ചിട്ടില്ല. ഇടിച്ചിട്ടതുതന്നെയാണ്. ചില ദൃശ്യങ്ങളിൽ ഇടിച്ചിട്ടതു വ്യക്തവുമാണ്. വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഡോ. അരുൺ സക്കറിയ പറയുന്നതു ശരിയാണെന്നു വാദിച്ചവരുമുണ്ട്.
മയക്കുവെടിയേറ്റ ആനയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ ഗണപതി ഇടിച്ചിട്ടുവീണപ്പോൾ സംഭവിച്ചതാണ് എന്നുപറഞ്ഞ് തടിതപ്പാൻവേണ്ടിയാണ് ഡോക്ടർ ഇത്തരമൊരു മുൻകൂർജാമ്യം എടുത്തതെന്നു കമന്റ് ചെയ്തവരുമുണ്ട്. മുത്താണ് ഗണപതിയെന്നു പ്രശംസിച്ചവരും കുറവല്ല.
ഏതായാലും ഈ ചർച്ച പൊടിപൊടിക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ ഒരമ്മയുടെ രോദനം വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. മസ്തകത്തിൽ പരിക്കേറ്റ അതിരപ്പിള്ളിയിലെ കൊമ്പനെ മയക്കുവെടിവച്ച് കുങ്കിയാനകളെക്കൊണ്ട് വീണ്ടും കുത്തിക്കുന്നതിനെക്കുറിച്ചാണ് ആ അമ്മ ആവലാതിപ്പെടുന്നത്. രണ്ടാമത്തെ മയക്കുവെടി വയ്ക്കുന്നതിനുമുൻപുള്ള ഓഡിയോ ക്ലിപ്പാണ് വൈറലായിട്ടുള്ളത്.
രണ്ടാമതും മയക്കുവെടി വയ്ക്കേണ്ടിവരുമോ എന്നും അമ്മ ആശങ്കയോടെ ചോദിക്കുന്നുണ്ട്. കുങ്കിയാനകളുടെ കുത്ത് ഇനിയും എന്റെ മോനു സഹിക്കേണ്ടിവരുമല്ലോ എന്നോർത്ത് തലയ്ക്കു തീപിടിക്കുന്നുണ്ടെന്നും ഇവർ പറയുന്നു. അവനെ സുഖപ്പെടുത്തി കാട്ടിലേക്ക് തിരിച്ചുവിടണം എന്നാണ് ഡോ. അരുൺ സക്കറിയയോടു തനിക്കു കാലുപിടിച്ച് പറയാനുള്ളതെന്നും ഈ അമ്മ കൂട്ടിച്ചേർക്കുന്നു. കരഞ്ഞുകൊണ്ടാണ് ഈ അമ്മയുടെ ഓഡിയോ അവസാനിക്കുന്നത്.