ജ്യോതി എൻജിനീയറിംഗ് കോളജിൽ ഹാക്കത്തോൺ നാളെമുതൽ
1515825
Thursday, February 20, 2025 1:45 AM IST
തൃശൂർ: ചെറുതുരുത്തി ജ്യോതി എൻജിനീയറിംഗ് കോളജിൽ മെക്കാനിക്കൽ, സിവിൽ എൻജിനിയറിംഗ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ 21 മുതൽ 23 വരെ 48 മണിക്കൂർ ദേശീയതല ഹാക്കത്തോൺ നടക്കും. ജൈവഭീഷണിയും ഇ മാലിന്യസംസ്കരണവും എന്ന വിഷയത്തിലാണ് കർത്തവ്യ 2 എന്ന പേരിലുള്ള പരിപാടി.
21നു രാവിലെ പത്തിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്യും. യു.ആർ. പ്രദീപ് എംഎൽഎ അധ്യക്ഷനാകും. കേരള ശുചിത്വ മിഷൻ, ജില്ലാ പഞ്ചായത്ത്, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്, പാഞ്ഞാൾ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി.
ഹാക്കത്തോണിന്റെ ഭാഗമായി വിദ്യാർഥികളിൽനിന്നു ലഭിക്കുന്ന നിർദേശങ്ങൾ ക്രോഡീകരിച്ചു കേരള ശുചിത്വമിഷനു സമർപ്പിക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 70 ടീമുകളിൽനിന്നു തെരഞ്ഞെടുക്കുന്ന മികച്ച 30 ടീമുകളായിരിക്കും നേരിട്ടു മത്സരത്തിൽ പങ്കെടുക്കുക. ഇതിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങൾക്കു പ്രത്യേക പുരസ്കാരങ്ങളും ഒരുലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളും നല്കും.
പത്രസമ്മേളനത്തിൽ കോളജ് അക്കാദമിക് ഡയറക്ടർ റവ.ഡോ. ജോസ് കണ്ണമ്പുഴ, മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം മേധാവി പ്രഫ. മനോജ് കുമാർ, സിവിൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. വിൻസി വർഗീസ്, നൈസ് മേനാച്ചേരി, ഒ.പി. സുകേഷ്, ജോർജ് ചിറമ്മൽ എന്നിവർ പങ്കെടുത്തു.