റോഡരികിലെ മരക്കഷണങ്ങൾ യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു
1516504
Saturday, February 22, 2025 12:49 AM IST
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് സെന്റർ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മുറിച്ചിട്ട മരക്കഷണങ്ങൾ യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു.വടക്കാഞ്ചേരി- കുന്നംകുളം സംസ്ഥാനപാതയോരത്ത് വെള്ളറക്കാട് പള്ളിക്കു മുന്നിലായാണ് മരക്കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. വഴിയരികിൽ നിന്നിരുന്ന ആൽമരത്തിൽ കൊക്കുകൾ കൂടുകൂട്ടിയതിനെതുടർന്ന് വഴിയാത്രക്കാർക്കു ശല്യമായി മാറിയിരുന്നു.
നാട്ടുകാരുടെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിൽ മാസങ്ങൾക്കുമുമ്പാണ് ആൽമരം മുറിച്ചത്. എന്നാൽ റോഡരികിൽ കൂട്ടിയിട്ട തടിക്കഷണങ്ങൾ മാറ്റാൻ അധികൃതർ തയാറാകുന്നില്ല. പള്ളിയിലേക്കു വരുന്നവർ ഉൾപ്പടെയുള്ള കാൽനടയാത്രക്കാർ ഇവിടെയെത്തിയാൽ റോഡിലേക്കു കയറിനടക്കേണ്ട സാഹചര്യമാണ്.
തടിക്കഷണങ്ങൾ നീക്കം ചെയ്യുന്നതിനുള്ള നടപടി എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഓട്ടോ ഡ്രൈവേഴ്സ് യൂണിയർ ഐഎൻടിയുസി കടങ്ങോട് യൂണിറ്റ് പ്രസിഡന്റ് പി.ബി. ഷെമീർ, സെക്രട്ടറി സി.കെ. ജാക്സൻ എന്നിവർ പഞ്ചായത്ത് സെക്രട്ടറിക്കും ട്രീ കമ്മറ്റിക്കും അപേക്ഷ നൽകിയിട്ടുണ്ട്.