ശബരിമലയിൽ തെച്ചിപ്പൂങ്കാവനം ഒരുക്കി ഐശ്വര്യ സുരേഷ്
1516169
Friday, February 21, 2025 1:20 AM IST
വടക്കാഞ്ചേരി: ശബരിമലയിൽ അയ്യപ്പഭഗവാന് പൂജാപുഷ്പങ്ങൾ ഒരുക്കാൻ വടക്കാഞ്ചേരി പാർളിക്കാട് സ്വദേശി ഡോ. ഐശ്വര്യ സുരേഷ്. 2000 തെച്ചിതൈകൾ നട്ടാണ് സന്നിധാന പരിസരങ്ങളിലായി മികവിന്റെ പുഷ്പോദ്യാനം ഒരുക്കിയത്.
രണ്ടു ദിവസം മുൻപ് സഹോദരി പുത്രൻ പ്രദീപ് കണ്ണൻ, സുഹൃത്തുക്കളായ ജയൻ, ഷിജു എന്നിവരോടൊപ്പം എത്തിയാണ് ദേവസ്വം അധികൃതരോടൊപ്പം ഐശ്വര്യ സുരേഷ് തൈനടീൽ പൂർത്തിയാക്കി മടങ്ങിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, ദേവസ്വം മെമ്പർ അഡ്വ. അജികുമാർ, ദേവസ്വം കമ്മീഷണർ സി.വി. പ്രകാശ്, ചീഫ് എൻജിനീയർ രൻജിത്ത് ശേഖർ, ശബരിമല എക്സിക്യൂട്ടീവ് ഒാഫീസർ മുരാരി ബാബു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഒാഫീസർ ശ്രീനിവാസ്, അഡ്മിനിസ്ട്രേറ്റീവ് ആഫീസർ ബിജു വി നാഥ് എന്നിവർ ചേർന്നാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
45 ദിവസങ്ങൾ കൊണ്ട് വിളവെടുക്കാവുന്ന ഹൈബ്രീഡ് ഇനം തെച്ചി തൈകൾക്കൊപ്പം മുല്ല, ഗണപതി നാരങ്ങ എന്നിവയുടെ തൈകളും നട്ടുപിടിപ്പിച്ചു.
കാനനവാസന് പൂജാപുഷ്പങ്ങൾ ലഭ്യമാക്കാൻ പൂന്തോട്ടം ഒരുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കാണുന്തായി ഐശ്വര്യ സുരേഷ് പറയുന്നു. നിർധന വിഭാഗങ്ങൾക്ക് കരുതൽ ഒരുക്കിയും അശരണർക്ക് ആശ്രയമേകിയും ജീവകാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമാണ് ഈ വടക്കാഞ്ചേരി സ്വദേശി.