മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ ഇന്നു മയക്കുവെടി വയ്ക്കും
1515729
Wednesday, February 19, 2025 7:07 AM IST
അതിരപ്പിള്ളി: മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ ഇന്ന് മയക്കുവെടിവച്ച് പിടികൂടി തുടർചികിത്സയ്ക്കു കൊണ്ടുപോകും. രാവിലെ ആറിന് ആനയെ ട്രാക്ക് ചെയ്തു തുടങ്ങുന്നതുമുതൽ മിഷൻ ആരംഭിക്കും.
ആനയെ കണ്ടെത്തി അനുകൂല സാഹചര്യത്തിൽ മയക്കുവെടിവച്ച് സുരക്ഷിതമായി കാപ്രികാട് അഭയാരണ്യത്തിൽ എത്തിക്കും. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം അതിരപ്പിള്ളിയിലെത്തിയിട്ടുണ്ട്. കാട്ടാനയെ പിടികൂടുന്ന സംഘത്തിൽപ്പെട്ടവർക്ക് ഡോ. അരുൺ സക്കറിയ നിർദേശങ്ങൾ നൽകി. മുറിവേറ്റ കാട്ടാന അതിരപ്പിള്ളിയിൽത്തന്നെയുണ്ട്.
കാര്യങ്ങൾ അനുകൂലമായാൽ ഇന്നുതന്നെ മയക്കു വെടിവച്ച് കൊണ്ടുപോകാമെന്നാണ് പ്രതീക്ഷ. ആനയെ പിടികൂടുന്നതിന് മൂന്നു കുങ്കിയാനകളെ ഒരുക്കിനിർത്തിയിട്ടുണ്ട്. കാട്ടാന ഉള്ള ഭാഗത്തേക്ക് ആരെയും കടത്തിവിടില്ല.