കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പ്രതിയടക്കം രണ്ടുപേർ അറസ്റ്റിൽ
1516161
Friday, February 21, 2025 1:19 AM IST
മതിലകം: കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട എംഡിഎംഎ കേസിലെ പ്രതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ.
എംഡിഎംഎ കൈവശംവച്ചതിന് അറസ്റ്റ് ചെയ്തയാളെയും എംഡിഎംഎ എത്തിക്കുന്നയാളെയുമാണ് പിടികൂടിയത്. കൂരിക്കുഴി കല്ലൂങ്ങൽ മുഹമദ് മുസമ്മിൽ(28), എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യകണ്ണിയായ കൊടുങ്ങല്ലൂർ പടാകുളം വൈപ്പിൻകാട്ടിൽ നിസ്താഫിർ(29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ 18ന് അർധരാത്രിയിൽ നമ്പർപ്ലേറ്റ് ഇല്ലാത്ത മാരുതി സ്വിഫ്റ്റ്കാറിൽ രണ്ടുപേർ പുന്നക്കുരുഭാഗത്ത് കറങ്ങിനടക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മതിലകം സബ് ഇൻസ്പെക്ടറും സംഘവും നടത്തിയ പരിശോധനയിൽ കാർ കണ്ടെത്തി കോതപറമ്പ് വൈപ്പിപാടത്ത് ഫാരിഷ്(36), കൂരിക്കുഴി കല്ലൂങ്ങൽ മുഹമദ് മുസമ്മിൽ(28) എന്നിവരിൽനിന്നു 5.38 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവരൊന്നിച്ച് മതിലകം പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവരവെ വെളുപ്പിന് 4.30 ഓടെ സ്റ്റേഷന്റെ മുന്നിൽവച്ച് ഇവർ രണ്ടുപേരും വാഹനത്തിൽനിന്നു ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി നടത്തിയ ഊർജിതശ്രമങ്ങൾക്കിടെ രണ്ടാംപ്രതിയായ മുഹമദ് മുസമിലിനെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ഫാരിഷിനെ പിടികൂടുന്നതിനായി അന്വേഷണം തുടരുകയാണ്. ഒന്നും രണ്ടും പ്രതികൾക്ക് എംഡിഎംഎ എത്തിക്കുന്നതിലെ മുഖ്യകണ്ണിയാണ് നിസ്താഫിര്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ എൻഡിപിഎസ് കേസിലെയും കയ്പമംഗലം പോലീസ് സ്റ്റേഷനിലെ പോക്സോ കേസിലെയും പ്രതിയാണ് നിസ്താഫിറെന്ന് പോലീസ് പറഞ്ഞു. മതിലകം സിഐ എം.കെ. ഷാജി, എസ്ഐമാരായ രമ്യ കാർത്തികേയൻ, മുഹമദ് റാഫി, റിജി, സഹദ്, സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ അഷ്റഫ്, എഎസ്ഐമാരായ പ്രജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിഹാബ്, വിപിൻദാസ്, ആന്റണി, ഷനിൽ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.