എയർഗൺ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ ശ്രമം: പ്രതി അറസ്റ്റിൽ
1516141
Friday, February 21, 2025 1:19 AM IST
തൃപ്രയാർ: മദ്യപിച്ചു വീട്ടിൽ വരരുതെന്നു പറഞ്ഞതിനു ബന്ധുവായ യുവതിയെ എയർഗൺ ഉപയോഗിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വലപ്പാട് ബീച്ച് കിഴക്കൻവീട്ടിൽ ജിത്തി(35)നെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് എയർഗണ്ണുമായി എത്തിയ ഇയാൾ യുവതിക്കുനേരേ വെടിവച്ചത്. എന്നാൽ ഉന്നംതെറ്റി ഇവ വാതിലിൽ തുളച്ചുകയറുകയായിരുന്നു. തുടർന്നു വീട്ടുകാർ അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസ് രണ്ട് എയർഗണ്ണുകളും പെല്ലറ്റും സഹിതം ജിത്തിനെ അറസ്റ്റുചെയ്തു.
വലപ്പാട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ എബിൻ, ആന്റണി ജിംപിൾ, പ്രബേഷനറി എസ്ഐ ജിഷ്ണു, സീനിയർ സിപിഒ അനൂപ്, സിപിദ സന്ദീപ് എന്നിവർ പ്രതിയെ അറസ്റ്റുചെയ്ത സംഘത്തിലുണ്ടായിരുന്നു.
ജിത്തിന്റെ പേരിൽ വലപ്പാട് പോലിസ് സ്റ്റേഷൻ പരിധിയിൽ 2024 ൽ ഒരു അടിപിടിക്കേസും 2021 ൽ വീട്ടിൽ അതിക്രമിച്ചുകയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസുമടക്കം ആറു ക്രിമിനൽ കേസുകളുണ്ട്.