ശതാബ്ദിനിറവില്‍ അവിട്ടത്തൂര്‍ ഹോളിഫാമിലി എൽപി സ്കൂള്‍
1515859
Thursday, February 20, 2025 1:45 AM IST
ഇരിങ്ങാലക്കുട: അവിട്ടത്തൂരിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന ഹോളിഫാമിലി സ്കൂള്‍ 100 വര്‍ഷം പിന്നിടുകയാണ്. ഒരു നൂറ്റാണ്ടുമുമ്പ് അവിട്ടത്തൂര്‍ ഗ്രാമവാസികള്‍ ഗുരുകുല വിദ്യാഭ്യാസത്തേയും പാരമ്പര്യ ആ ശാന്മാരേയും ആശ്രയിച്ച് അക്ഷരഭ്യാസം നടത്തിയിരുന്ന കാലം. അവിട്ടത്തൂര്‍ നിവാസികള്‍ തങ്ങളുടെ പിഞ്ചുപൈതങ്ങള്ക്കു ആധുനിക രീതിയിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടെ നടത്തിയ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി അന്നത്തെ സർക്കാർ 1922 ല്‍ അവിട്ടത്തൂര്‍ പള്ളിയുടെ മാനേജ്മെന്റിനു കീഴില്‍ ഒരു പ്രൈമറി സ്കൂള്‍ അനുവദിച്ചു. കോക്കാട്ട് ദേവസി കൊച്ചുപൗലോസ് ആയിരുന്നു സ്കൂള്‍ മാനേജര്‍. സ്ഥലക്കുറവിനാലും ചില സാങ്കേതിക കാരണങ്ങളാലും പിറ്റേവര്‍ഷം സ്കൂളിന്റെ അംഗീകാരം പിന്‍വലിച്ചു. വീണ്ടും നാട്ടുകാരുടെ നിര ന്തര പരിശ്രമഫലമായി 1925 ല്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.
വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ പൊഴോലിപറമ്പന്‍ റപ്പായികുഞ്ഞുവറീതും പ്രഥമ ഗുരുനാഥന് ഒ.ഡി. കൊച്ചാക്കോ മാസ്റ്ററും പ്രഥമശിഷ്യന്‍ തൊമ്മാന ആഗസ്തി കൊച്ചുദേവസിയുമായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം പള്ളി ഇടവകാംഗങ്ങളുടെ ആഗ്രഹപ്രകാരം ഈ ഇടവകയില്‍ ഒരു കന്യസ്ത്രീമഠം വരുത്തണമെന്ന് നിശ്ചയിച്ചു.
ഈ ദേവാലയവും വിദ്യാലയും തിരുക്കുടുംബ നാമധേയത്തില്‍ അറിയപ്പെടുന്നതിനാല്‍ തിരുക്കുടുംബ മഠക്കാരെ ത്തന്നെ 1962-ല്‍ വിദ്യാലയ ഭരണം ഏല്പ്പിച്ചുകൊടുക്കാമെന്ന് പള്ളിയോഗം തീരുമാനിക്കുകയും 1964-ല്‍ ഭരണം ഏല്‍പ്പിക്കുകയും ചെയ്തു.
സിസ്റ്റര്‍ ബിബിയാന മാനേജരും ഒ.ഡി. കൊച്ചാക്കുമാസ്റ്റര് പ്രധാനധ്യാപകനും സിസ്റ്റര്‍ ഡിമിന നഴ്സറിയുടെ ഇന്‍ ചാര്‍ജും ആയിരുന്നു. പിന്നീട് സിസ്റ്റര്‍ ആനി ഗ്രേയ്സ് മാനേജരും സിസ്റ്റര്‍ ആനന്ദ് പ്രധാനാധ്യാപികയുമായിരുന്ന 2004 ല്‍ വിദ്യാലയം പുതുക്കിപ്പണിതു. സിസ്റ്റര്‍ ഹെലന് ഇന്‍ ചാര്‍ജ് ആയിരുന്ന കാലഘട്ടത്തില്‍ നഴ്സറിയും നവീകരിച്ചു. വിദ്യാലയത്തിൽ ഇന്ന് മുന്നൂറോളം വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരുമായി 15 പേരും ഉണ്ട്.
ജൂബിലിയാഘോഷം നാളെയും മറ്റന്നാളും
നാളെ വൈകീട്ട് 4.30 ന് നടക്കുന്ന ശതാബ്ദി പൊതുസമ്മേളനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. പ്രശസ്ത സംഗീത സംവിധായകന് ഔസേപ്പച്ചന് മുഖ്യാഥിതിയായിരിക്കും.
പാവനാത്മ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഡോ. ട്രീസ ജോസഫ് അധ്യക്ഷത വഹിക്കും. അവിട്ടത്തൂര്‍ ഇടവക വികാരി ഫാ. റെനില്‍ കാരാത്ര, മുന്‍വികാരി ഫാ. ഡേവിസ് അമ്പൂക്കന്, പ്രധാനാധ്യാപിക സിസ്റ്റര്‍ ജെസീന, വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ്് കെ.എസ്. ധനീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
22ന് നടക്കുന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. പാവനാത്മ പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ഡെല്‍സി പൊറുത്തൂര് അധ്യക്ഷത വഹിക്കും. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്് ജോസ് ജെ. ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന് എന്നിവര്‍ പങ്കെടുക്കും.