ജ്യോതിയിൽ ദേശീയ പ്രോജക്ട് മത്സരം ആരംഭിച്ചു
1516488
Saturday, February 22, 2025 12:49 AM IST
തൃശൂർ: ജ്യോതി എൻജിനീയറിംഗ് കോളജിൽ ദേശീയ പ്രോജക്ട് മത്സരം കർത്തവ്യ രണ്ട് ആരംഭിച്ചു. കേരള ശുചിത്വമിഷനും തൃശൂർ ജില്ലാ പഞ്ചായത്തും ജ്യോതി എൻജിനീയറിംഗ് കോളജും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തും പാഞ്ഞാൾ പഞ്ചായത്തും സംയുക്തമായി നടത്തുന്ന രണ്ടു ദിവസത്തെ മത്സരം യു.ആർ. പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഇ വേസ്റ്റ് മാലിന്യങ്ങൾ എങ്ങനെ പരിസ്ഥിതിക്കു ദോഷമില്ലാത്ത രീതിയിൽ ഉപയോഗപ്പെടുത്താമെന്നുള്ള വിഷയത്തിലാണ് മത്സരം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. കോളജ് അക്കാദമിക് ഡയറക്ടർ റവ.ഡോ. ജോസ് കണ്ണന്പുഴ അധ്യക്ഷത വഹിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മുഹമ്മദ് അഷറഫ്, പറഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ, ജില്ലാ പഞ്ചായത്ത് മെന്പർമാരായ കെ.ആർ. മായ, ലത ഭാസ്കർ, പ്രിൻസിപ്പൽ ജോസ് പി. തേറാട്ടിൽ, സിവിൽ വിഭാഗം മേധാവി ഡോ. വിൻസി വർഗീസ്, മെക്കാനിക്കൽ വിഭാഗം മേധാവി വി.കെ. മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
പാഞ്ഞാൾ പഞ്ചായത്തിലെ മുഴുവൻ ഹരിതകർമസേനാംഗങ്ങളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു. നൈസ് മേനാച്ചേരി, ഒ.പി. സുകേഷ്, കെ.എം. അർജുൻ തുടങ്ങിയവർ നേതൃത്വം നൽകുന്ന മത്സരത്തിൽ ഒന്നരലക്ഷം രൂപയോളമാണ് സമ്മാനമായി വിജയികൾക്കു നൽകുന്നത്.