കൈപ്പറമ്പിൽ മാലിന്യം കത്തിച്ചതിന് 30,000 രൂപ പിഴ
1516167
Friday, February 21, 2025 1:20 AM IST
കൈപ്പറമ്പ്: പഞ്ചായത്തിൽ മാലിന്യം കത്തിക്കുകയും മലിനജലം ഒഴുക്കിവിടുകയും ചെയ്ത സംഭവങ്ങളിൽ 30,000 രൂപ പിഴ ഈടാക്കി. വാർഡ് അഞ്ചിൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനുള്ളിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ കമ്പനിയുടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാതെ ഒഴുക്കുകയും ചെയ്തതിന് 25,000 രൂപ പിഴ ഈടാക്കി.
വാർഡ് ഒന്നിൽ തൃശൂർ ബസ്റ്റോപ്പിന് സമീപം അതിഥി തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിന് അടുത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ കത്തിച്ചതിന് 5000 രൂപ പിഴ ഈടാക്കി. മൂന്നാം വാർഡിലെ പ്രമുഖ സ്ഥാപനത്തിൽ പരിശോധന നടത്തുകയും പ്ലാസിക് കവറുകൾ പേപ്പറുകൾ എന്നിവ കത്തിച്ചതായും ചില്ലുകുപ്പികൾ അവയുടെ അടപുകൾ എന്നിവ അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയിലും കണ്ടു. ഉടമസ്ഥനോട് ഏഴ് ദിവസത്തിനകം പരിസരം വൃത്തിയാക്കണമെന്നും മാലിന്യങ്ങൾ ഹരിതകർമസേനയ്ക്കു കൈമാറാണമെന്നും അറിയിച്ചിട്ടുണ്ട്.
മൂന്ന് സ്ഥലങ്ങളിലും പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. മാലിന്യം കത്തിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നെന്നും, ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.