രാഷ്ട്രീയം വേറെ, നേതാക്കൾക്ക് പൊതുജന വിഷയങ്ങളിൽ ഒരേസ്വരം
1515820
Thursday, February 20, 2025 1:45 AM IST
തൃശൂർ: രാഷ്ട്രീയം വേറെ, കാര്യം വേറെ... വ്യത്യസ്ത രാഷ്ട്രീയനിലപാടുകൾ വ്യക്തമാക്കുന്പോഴും പ്രമുഖ രാഷ്ട്രീയപാർട്ടികളുടെ ജില്ലയിലെ പുതുനായകന്മാർക്കു പൊതുജനവിഷയങ്ങളിൽ ഒരേസ്വരം.
തൃശൂർ പ്രസ്ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിലാണു സ്ഥാനമേറ്റ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾഖാദർ, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് എന്നിവർ സാമൂഹ്യവിഷയങ്ങളിൽ ഒന്നിച്ചത്. റാഗിംഗ്, മയക്കുമരുന്നിനെതിരേയുള്ള പോരാട്ടം, തൃശൂർ പൂരം നടത്തിപ്പ് എന്നിവയിലാണ് ഒറ്റക്കട്ടെന്നു വ്യക്തമാക്കിയത്.
കോൺഗ്രസിനെ ശക്തിപ്പെടുത്തി പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നേറ്റം നടത്തുമെന്നു ജോസഫ് ടാജറ്റും ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ തോൽവിയിൽ പാഠം ഉൾക്കൊണ്ട് തിരിച്ചുവരവിനുള്ള നടപടികൾക്കു തുടക്കംകുറിക്കുമെന്നു കെ.വി. അബ്ദുൾ ഖാദറും സുരേഷ് ഗോപിക്കു വിജയം നേടിക്കൊടുത്ത സാഹചര്യം നിലനിർത്തി ബിജെപിയെ കൂടുതൽ കരുത്തുള്ളതാക്കി മാറ്റാനുള്ള ശ്രമം തുടരുമെന്നു ജസ്റ്റിൻ ജേക്കബും പറഞ്ഞു.
പാർട്ടിയെ
അധികാരത്തിലെത്തിക്കും:
ജോസഫ് ടാജറ്റ്
പാർട്ടിക്കകത്തു പ്രശ്നങ്ങളുണ്ടെങ്കിലും അതെല്ലാം പരിഹരിച്ചു കോൺഗ്രസിനെ ജില്ലയിൽ തിരികെ കൊണ്ടുവരുമെന്നു ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു.
കനത്ത വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. പാർട്ടിയിൽ ഇപ്പോൾ പഴയപോലുള്ള ഗ്രൂപ്പില്ല. കോൺഗ്രസിനു ജില്ലയിൽ 16 പഞ്ചായത്തുകളും രണ്ടു മുനിസിപ്പാലിറ്റികളും മൂന്നു ബ്ലോക്ക് പഞ്ചായത്തുകളും മാത്രമാണുള്ളത്. ഈ സാഹചര്യം മാറ്റി അടുത്ത പഞ്ചായത്ത് തെരഞ്ഞടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിയെ അധികാരത്തിലെത്തിക്കും.
ലോക്സഭാ തോൽവി സംബന്ധിച്ചുള്ള അന്വേഷണ റിപ്പോർട്ട് എന്താണന്ന് അറിയില്ല. കോൺഗ്രസിൽ ജനാധിപത്യമില്ലെന്നു സിപിഎം സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ചൂണ്ടിക്കാണിച്ചപ്പോൾ എട്ടുമാസം കഴിഞ്ഞാണു തന്നെ പ്രസിഡന്റായി നിയമിച്ചതെന്നും പാർട്ടിയിലെ എല്ലാവരുമായും ചർച്ച ചെയ്തതിനുശേഷമാണു സ്ഥാനം നൽകിയതെന്നും ജോസഫ് ടാജറ്റ് മറുപടി പറഞ്ഞു. എന്നാൽ, സിപിഎമ്മിൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന കാലത്തും ഇപ്പോഴുമൊക്കെ എന്തു ജനാധിപത്യമാണു നടക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തോൽവിയിലെ
പാഠം ഉൾക്കൊള്ളും:
കെ.വി. അബ്ദുൾ ഖാദർ
തൃശൂരിലെ തോൽവി സംബന്ധിച്ച് ജില്ലാ സമ്മേളനത്തിൽ വിമർശനങ്ങൾ ഉണ്ടായെന്നും അതിന്റെ പോരായ്മകൾ പഠിച്ച് പാർട്ടി തിരിച്ചുവരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു. ലോക്സഭാ തെരഞ്ഞടുപ്പിൽ വി.എസ്. സുനിൽകുമാറിനെ സിപിഐയുടെ സ്ഥാനർഥിയായി കണ്ടിട്ടില്ല. ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായിരുന്നു. പരാജയം സംബന്ധിച്ചു സിപിഎമ്മിനെതിരേ സിപിഐ ആരോപണം ഉന്നയിച്ചിട്ടില്ല. മേയറുടെ വിഷയത്തിൽ സിപിഐയുമായുണ്ടായ വിഷയങ്ങൾ ഉഭയകക്ഷിചർച്ചയിലൂടെ പരിഹരിക്കും.
കരുവന്നൂർ വിഷയത്തിൽ ഇഡി സിപിഎം നേതാക്കളെ പരമാവധി ദ്രോഹിച്ചിട്ടും ഒന്നുമുണ്ടായില്ല. കൊടകര കേസിൽ പോലീസ് റിപ്പോർട്ടുണ്ടായിട്ടും ഇഡി അന്വേഷിച്ചില്ല. സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചതു മനപ്പൂർവം ദ്രോഹിക്കാനാണ്. കരുവന്നൂർ വിഷയത്തിലെ പ്രതികൾക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ തങ്ങളെ ദ്രോഹിക്കാനാണെന്നതു തെളിഞ്ഞുകഴിഞ്ഞു. കരുവന്നൂരിലെ പ്രശ്നങ്ങൾ പരിഹരിച്ചുവരുന്നതായും അബ്ദുൾ ഖാദർ പറഞ്ഞു.
സുരേഷ് ഗോപി
പ്രകടനപത്രികയിൽ
പറഞ്ഞതെല്ലാം നടപ്പാക്കും:
ജസ്റ്റിൻ ജേക്കബ്
സുരേഷ് ഗോപിയുടെ വിജയം അംഗീകരിക്കാൻ ഇരുമുന്നണികളും ഇനിയും തയാറല്ല. അതാണ് എംപി എവിടെയെന്നു ചോദിക്കുന്നത്. എംപി ഇവിടെയുണ്ടോ എന്നതല്ല, കാര്യങ്ങൾ നടക്കുന്നുണ്ടോയെന്നാണു നോക്കേണ്ടതെന്നു ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി പ്രകടനപത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കും. കർഷകരെ സഹായിക്കാൻ സ്വന്തം പോക്കറ്റിൽ നിന്ന് ഒരു ലക്ഷം രൂപവരെ നൽകിയാണ് സുരേഷ് ഗോപിയുടെ പ്രവർത്തനം. കേന്ദ്രമന്ത്രിയായതിനാൽ അവിടെ അഞ്ചു ദിവസം നിൽക്കേണ്ടിവരും. എട്ടു മാസമല്ലേ ആയിട്ടുള്ളൂ, കാര്യങ്ങൾ നടത്താൻ ഇനിയും സമയമുണ്ട്.
ബിജെപി ഓഫീസിൽ പണച്ചാക്കുകൾ കൊണ്ടുവന്നുവെന്ന തിരൂർ സതീഷിന്റെ വാക്ക് വിശ്വസിക്കാനാകില്ല.അയാളെ ക്രമക്കേടിനു പാർട്ടി ഓഫീസിൽനിന്നു പുറത്താക്കിയതാണ്. സുരേഷ് ഗോപിയുടെ വിജയത്തോടെ 27 പഞ്ചായത്തുകളിലാണു ബിജെപി മുന്നിലുള്ളത്. വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ പഞ്ചായത്തുകൾ നിലനിർത്തുകയെന്നതാണു പ്രധാന ദൗത്യം.