സ്കൂളിൽ പന്നിപ്പടക്കം പൊട്ടിയ കേസ്: പ്രതികൾ പിടിയിൽ
1516163
Friday, February 21, 2025 1:20 AM IST
പഴയന്നൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ പ്രതികളെ പിടികൂടി. അഞ്ചു പേരെയാണ് പോലീസ് പിടികൂടിയത്.
കുറച്ചുദിവസങ്ങൾ മുൻപാണ് പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾ കളിക്കുന്നതിനിടെ സ്കൂളിന്റെ വരാന്തയിൽ പന്നിപ്പടക്കം പൊട്ടിത്തെറിച്ചത്. പഴയന്നൂർ, തിരുവില്വാമല, പാലക്കാട് സ്വദേശികളായ പ്രകാശൻ, പെരുമാൾ, രഞ്ജിത്ത്, സനീഷ്, മോനു , രാജേഷ് എന്നിവരാണ് അറസ്റ്റിൽ ആയത്.
പടക്കം പൊട്ടിത്തെറിച്ച് ഒരു വിദ്യാർഥിക്ക് പരിക്കേറ്റിരുന്നു. പന്നിയിറച്ചി വില്പനയ്ക്കു വേണ്ടി തയാറാക്കിയതാണ് പന്നിപ്പടക്കങ്ങൾ. പ്രതികളുടെ വീട്ടിൽനിന്നും പാകം ചെയ്ത പന്നിയിറച്ചിയും പന്നിപ്പടക്കവും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഈ സംഘം പതിവായി പന്നികളെ പിടികൂടി കൊന്ന് ഇറച്ചി വില്പന നടത്തുന്നവരാണ്. വില്പനയിലൂടെ വലിയ തോതിലുള്ള തുകയും ഇവർ സമ്പാദിച്ചിരുന്നു എന്നു പോലീസ് വ്യക്തമാക്കി.
പഴയന്നൂർ സിഐ മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയിരുന്നത്.