വന്യജീവിആക്രമണം രൂക്ഷമായിട്ടും അടിസ്ഥാനസൗകര്യങ്ങളില്ല
1515826
Thursday, February 20, 2025 1:45 AM IST
പറവട്ടാനി: 24 മണിക്കൂറും വിശ്രമമില്ലാതെ കൊടുംകാട്ടിലെ ദുർഘട തൊഴിൽസാഹചര്യങ്ങളിൽ ജോലിചെയ്യുന്ന വനപാലകർക്കു ന്യായമായ വിശ്രമം നല്‍കാത്തതിനെതിരേ അർധരാത്രിയിൽ മെഴുകുതിരി തെളിയിച്ച് വനപാലകരുടെ പ്രതിഷേധം. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവട്ടാനിയിലെ മധ്യമേഖലാ വനം ആസ്ഥാനത്തിനു മുൻപിലാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്.
മേലധികാരികളെല്ലാം കുടുംബത്തോടെ വീട്ടിൽ ഉറങ്ങുന്പോൾ രാത്രികളെ പകലാക്കി കാട്ടിൽ ജോലിചെയ്യുന്ന വനപാലകരുടെ വ്യത്യസ്തമായ സമരമാർഗമാണിതെന്നും ന്യായമായ ആവശ്യങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ കടുത്ത സമരമാർഗവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അസോസിയേഷൻ അറിയിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് പി. വിനോദ്, മധ്യമേഖലാ സെക്രട്ടറി എം.പി. അനിൽകുമാർ, ജില്ലാ പ്രസിഡന്റ് വി.വി. ഷിജു, ജില്ലാ സെക്രട്ടറി പി.ആർ. അരുണ്‍, സംസ്ഥാന കൗണ്‍സിലർമാരായ കെ.വി. അശോകൻ, രംജിഷ് രാജൻ എന്നിവർ പ്രസംഗിച്ചു.