അന്വേഷണം നടത്തണം; കെ. രാധാകൃഷ്ണൻ എംപി കത്തയച്ചു
1515726
Wednesday, February 19, 2025 7:07 AM IST
ചേലക്കര: ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം റീജണൽ ഓഫീസിൽ ജീവനക്കാരനുനേരേ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു വംശീയവും ജാതീയവുമായ അധിക്ഷേപങ്ങളും അവഹേളനങ്ങളും ശാരീരികമായ അക്രമങ്ങളും നടന്ന സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമനു കെ. രാധാകൃഷ്ണൻ എംപി കത്തയച്ചു.
ബാങ്കിന്റെ റീജണൽ ഓഫീസിൽ ഉത്തരേന്ത്യക്കാരായ ഡെപ്യൂട്ടി ജനറൽ മാനേജരും അസിസ്റ്റന്റ് ജനറൽ മാനേജരും ചേർന്ന് പട്ടികജാതിയിൽപെട്ട മലയാളിയായ അസിസ്റ്റന്റ് മാനേജരെ ജാതിപ്പേരുവിളിച്ച് അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി.
ഇതുസംബന്ധിച്ച് ജീവനക്കാരന്റെ കുടുംബം എംപിയെ നേരിൽകണ്ട് പരാതി നൽകിയിരുന്നു.