ജ്വല്ലറിയിൽനിന്നു സ്വർണവുമായി മുങ്ങിയ പ്രതികളിൽ ഒരാൾ പിടിയിൽ
1516139
Friday, February 21, 2025 1:19 AM IST
മൂന്നുപീടിക: സ്വർണം വാങ്ങിയശേഷം ബാങ്ക് അക്കൗണ്ടിലേക്കു പണം അയച്ചതിന്റെ വ്യാജ രസീത് കാണിച്ച് ജ്വല്ലറിയിൽനിന്ന് എട്ടുപവന്റെ സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞ കേസിൽ പ്രതികളിലൊരാൾ പിടിയിൽ. പേരാവൂർ കൊളവൻചാലിൽ അപ്പാച്ചി എന്നുവിളിക്കുന്ന അഷറഫി(34)നെയാണ് അറസ്റ്റുചെയ്തത്.
പെരിഞ്ഞനം മൂന്നുപീടികയിലെ ജ്വല്ലറിയിലാണ് തട്ടിപ്പു നടന്നത്. പെരിഞ്ഞനം സ്വദേശിയാണെന്നും ഗൾഫിൽ ബിസിനസ് നടത്തുകയാണെന്നും പരിചയപ്പെടുത്തി മാലയും വളയും മോതിരവും അടക്കം എട്ടു പവന്റെ ആഭരണങ്ങളാണ് അഷറഫ് വാങ്ങിയത്. മണിക്കൂറുകളോളം കടയിൽ തങ്ങിയ ഇയാൾ ബിൽതുക കടയുടമയുടെ അക്കൗണ്ടിലേക്കു നെറ്റ് ബാങ്കിംഗ് വഴി അയയ്ക്കുകയാണെന്ന് ഉടമയെ തെറ്റിദ്ധരിപ്പിച്ചു. ഇതിന്റെ രസീത് സ്വന്തം മൊബൈലിൽ കാണിച്ച യുവാവ് ഉടമയുടെ അക്കൗണ്ടിൽ പണമെത്താൻ കുറച്ചുസമയമെടുക്കുമെന്നും പറഞ്ഞുമുങ്ങി.
ഇതു വിശ്വസിച്ച ഉടമ ആഭരണങ്ങളുമായി പോകാനനുവദിച്ചു. ഒരു മണിക്കൂർ കഴിഞ്ഞും അക്കൗണ്ടിൽ പണമെത്താതായതോടെ ഉടമ കയ്പമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം നടത്തിയ പോലീസ് മോഷണത്തിനായി വന്ന കാർ വിദഗ്ധമായി ഒളിപ്പിച്ചിരുന്നതു കണ്ടെത്തി. വാഹനത്തെപ്പറ്റി നടത്തിയ അന്വേഷണം ചെന്നെത്തിയതു യഥാർഥ വാഹന ഉടമയുടെ അടുത്തായിരുന്നു. അയാൾ സിനിമാമേഖലയിലുള്ള ഒരാൾക്കു കാർ വാടകയ്ക്കു കൊടുത്തിരിക്കുകയാണെന്ന് അറിഞ്ഞതോടെ അതുവഴിയായി അന്വേഷണം. ഒടുവിൽ അഷറഫിനെ പിടികൂടുകയായിരുന്നു.
ഇവർ ഈ തട്ടിപ്പിനായി ഒരു പ്രത്യേക തരം മൊബൈൽ ആപ്പാണ് ഉപയോഗിച്ചിരുന്നത്. പണം നൽകിയതായി സക്രീനിൽ വ്യാജമായി കാണിക്കും എന്നതാണ് ആപ്പിന്റെ പ്രത്യേകത.
അഷറഫും ഒരു കൂട്ടാളിയുമൊന്നിച്ചാണ് തട്ടിപ്പിനായി കാർ വാടകയ്ക്കെടുത്തു മൂന്നുപീടികയിലേക്കു വന്നത്. അഷറഫ് കാർ വിദഗ്ധമായി ഒരു സ്ഥലത്ത് ഒളിപ്പിച്ചശേഷം കൂട്ടാളിയെ തട്ടിപ്പിനായി പറഞ്ഞയയ്ക്കുകയും, തട്ടിപ്പു നടത്തിയശേഷം തിരിച്ചുവന്ന കൂട്ടാളിയുമായി കാറിൽ രക്ഷപ്പെടുകയുമാണുണ്ടായത്. കൂട്ടാളിയായ പ്രതിയെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരുന്നു.
സമാനരീതിയിൽ മട്ടാഞ്ചേരിയിലും താമരശേരിയിലും തട്ടിപ്പ് പ്രതികൾ നടത്തിയിരുന്നതായി പറയുന്നു. അഷറഫ് പേരാവൂർ പോലിസ് സ്റ്റേഷനിൽ 2018 ൽ മുക്കുപണ്ടം പണയം വച്ചതിന് എട്ടു കേസുകളിലും തമിഴ്നാട് ജോലാർപേട്ട് സ്റ്റേഷനിൻ ഒരു പിടിച്ചുപറിക്കേസിലുമടക്കം 13 കേസിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, കയ്പമംഗലം എസ്എച്ച്ഒ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ കെ.എസ്. സൂരജ്, മുഹമ്മദ് സിയാദ്, പോലിസുകാരായ സുനിൽകുമാർ, ജ്യോതിഷ്, ഡെൻസ് മോൻ, സൈബർ വോളന്റിയർ മൃദുലാൽ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.