ശ്രീജ വിധുവിനും പി.ടി. സ്വരാജിനും കാവ്യശിഖ പുരസ്കാരം
1515827
Thursday, February 20, 2025 1:45 AM IST
തൃശൂർ: കാവ്യശിഖ പുരസ്കാരം ശ്രീജ വിധുവിന്റെ അപ്രകാശിതകവിതകൾക്കും കാവ്യപ്രതിഭാ പുരസ്കാരം പി.ടി. സ്വരാജിന്റെ "അടയിരിക്കുന്ന ആൺപക്ഷി' എന്ന കവിതാസമാഹാരത്തിനും ലഭിച്ചു. പ്രശസ്തിപത്രവും ഫലകവും അയ്യായിരത്തൊന്നു രൂപയുമടങ്ങിയ പുരസ്കാരം 26 നു സാഹിത്യ അക്കാദമിയിൽ കാവ്യശിഖ സംഗമത്തിൽ മന്ത്രി പ്രഫ. ആർ. ബിന്ദു സമർപ്പിക്കും.
കാവ്യശിഖ അംഗമായിരുന്ന രാധ വെള്ളിലംകുന്നിന്റെ സ്മരണയ്ക്കായി വിദ്യാർഥികൾക്കായി നടത്തിയ കവിതാമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സി.പി. ആരോമൽ (എൻഎസ്എച്ച്എസ് വാളൂർ), യുപി വിഭാഗത്തിൽ പി.എസ്. ആർദ്ര (സേക്രഡ് ഹാർട്ട് എച്ച്എസ്എസ് തൃശൂർ), എൽപി വിഭാഗത്തിൽ ഇ.എസ്. ത്രേയ (വിപിഎം എസ്എൻഡിപി സ്കൂൾ കഴിമ്പ്രം) എന്നിവർ വിജയികളായി. 2001 രൂപ മൂല്യമുള്ള പുസ്തകങ്ങളും സാക്ഷ്യപത്രവും ഫലകവുമാണു പുരസ്കാരം.
26നു സാഹിത്യ അക്കാദമിയിൽ നടക്കുന്ന കാവ്യശിഖ സംഗമത്തിൽ "ധബാരി ക്യുരുവി' ചലച്ചിത്രത്തിന്റെ പ്രദർശനവും സംവിധായകൻ പ്രിയനന്ദനനുമായുള്ള സംവാദവും നടക്കും. സുഭാഷിണി മഹാദേവന്റെ "പടിയിറങ്ങിപ്പോയ വാക്ക്' കവിതാസമാഹാരത്തിന്റെ പ്രകാശനവും മന്ത്രി പ്രഫ.ആർ. ബിന്ദു നിർവഹിക്കും.
പത്രസമ്മേളനത്തിൽ ഡോ. സി. രാവുണ്ണി, ഡോ. എം.എൻ. വിനയകുമാർ, ഡോ.സുഭാഷിണി മഹാദേവൻ, റീബ പോൾ, ജയറാം വാഴൂർ എന്നിവർ പങ്കെടുത്തു.